ബസ് കത്തി മൂന്ന് മരണം
കോട്ടയ്ക്കല്‍: മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് രണ്ടത്താണിയില്‍ ബസ് മറിഞ്ഞ് കത്തി മൂന്ന് പേര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു.
ജൂണ്‍ എട്ട് ശനിയാഴ്ച രാവിലെ 7.15 -ഓടെയാണ് അപകടം നടന്നത്. കുറുമ്പത്തൂര്‍ ചങ്ങണക്കാടു വീട്ടില്‍ പാത്തുമ്മ (70), ഗൂഡല്ലൂര്‍ നാമ്പുറത്ത് ഹമീദിന്റെ മകള്‍ അസ്റ (നാല്), ഫാത്തിമ (50) എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
അമിത വേഗതയിലായിരുന്ന ബസിന്റെ ഷാഫ്റ്റ് ഒടിഞ്ഞതാണ് അപകടത്തിന് കാരണമായത്. ഒടിഞ്ഞ ഷാഫ്റ്റ് ഡീസല്‍ ടാങ്കില്‍ കുത്തിക്കയറിയാണ് ബസിന് തീ പിടിച്ചതെന്നാണ് കരുതുന്നത്.ഗുരുവായൂരില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന ശ്രീ വത്സം ബസാണ് അപകടത്തില്‍ പെട്ടത്.
ബസ് മറിഞ്ഞയുടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മലക്കം മറിഞ്ഞ ബസിന്റെ മുന്നില്‍ നിന്നും തീ ഉയരുകയായിരുന്നു. നാട്ടുകാര്‍ ഉടനെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ മരണസംഖ്യ കുറഞ്ഞു. ബസ് പൂര്‍ണമായും കത്തിയ നിലയിലാണ്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പെരുന്തല്‍മണ്ണ മൗലാന ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.












Click it and Unblock the Notifications