ഡോക്ടര്‍മാരെ ജനക്കൂട്ടം ആക്രമിക്കുമ്പോള്‍...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ--സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ജനരോഷം ആരോഗ്യമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍.
അമിതമായ ഫീസും കൈക്കൂലിയും മാന്യതയില്ലാത്ത പെരുമാറ്റവും ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായാല്‍ അതിശക്തമായി തിരിച്ചടിയ്ക്കാന്‍ ജനം തയ്യാറാകുന്നത് സര്‍ക്കാരും ആശങ്കയോടെയാണ് കാണുന്നത്.
എറണാകുളം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ ജനക്കൂട്ടം ചെരുപ്പുമാലയണിയിച്ചതും കണ്ണൂരും കോട്ടയത്തും സ്വകാര്യ ആശുപത്രികള്‍ അടിച്ചു തകര്‍ത്തതുമെല്ലാം അണപൊട്ടുന്ന ജന രോഷത്തെ തടയാന്‍ ആര്‍ക്കുമാകില്ലെന്നതിന്റെ ഉദാഹരണമാണ്.
കേരളത്തിലെ ആരോഗ്യമേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന സ്വകാര്യ പങ്കാളിത്തം സ്ഥിതി ഗതികള്‍ മോശമാക്കുകയാണെന്ന് ആരോഗ്യ വിദഗ്ദ്ധനായ ഡോ. സി. ആര്‍. സോമന്‍ പറയുന്നു.
ജനരോഷം നിയന്ത്രണാതീതമായാല്‍ എന്തു സംഭവിക്കുമെന്ന് എറണാകുളം, കണ്ണൂര്‍ സംഭവങ്ങള്‍ തെളിയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാറേണ്ടതും മാറ്റേണ്ടതുമായ ചില കീഴ്വഴക്കങ്ങള്‍ ആരോഗ്യമേഖലയിലുണ്ട്. അത് അടിയന്തരമായി മാറണം. എന്നാല്‍ പൂച്ചയ്ക്ക് ആര് മണികെട്ടുമെന്ന ചോദ്യം ഇവിടെയും പ്രസക്തമാണെന്ന് ഡോ. സോമന്‍ പറയുന്നു.
ആരോഗ്യമന്ത്രി പി. ശങ്കരനും തികഞ്ഞ അമ്പരപ്പിലാണ്. മന്ത്രിസഭയുടെ അവസ്ഥയും അതു തന്നെയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സ്ഥിതിഗതികള്‍ കൈവിട്ടു പോകാതിരിക്കാന്‍ എന്തെങ്കിലും ചെയ്തേ തീരുവെന്ന് മന്ത്രിസഭയ്ക്ക് ആഗ്രഹമുണ്ട്.
കൂട്ടായ തീരുമാനം ഇക്കാര്യത്തില്‍ മന്ത്രിസഭ കൈക്കൊളളുമെന്നാണ് മന്ത്രി പറയുന്നത്. എന്നാണെന്നു മാത്രം പറഞ്ഞില്ല. തീരുമാനമെടുത്തു വരുമ്പോഴേയ്ക്കും ഇനിയും സ്വകാര്യ ആശുപത്രികള്‍ പലതും കത്തിയമര്‍ന്നിരിക്കും. കൈക്കൂലി വീരന്മാരുടെ കഴുത്തില്‍ ചെരുപ്പുമാലകളും വീണിരിക്കും.
ആരോഗ്യമേഖലയില്‍ നിന്നുളള സര്‍ക്കാര്‍ പിന്മാറ്റമാണ് പ്രശ്നങ്ങള്‍ക്ക് ഒരു കാരണമായി ഡോ. സോമന്‍ ചൂണ്ടിക്കാട്ടുന്നത്. വമ്പന്‍ പരസ്യങ്ങള്‍ നല്‍കിയാണ് വന്‍കിട ആശുപത്രികള്‍ രോഗികളെ പിടിയ്ക്കുന്നത്. അനാരോഗ്യകരവും അനാശാസ്യവുമായ മത്സരവും വ്യാപാരവല്‍ക്കരണവുമാണ് ഈ രംഗത്തുളളത്.
ചെറിയ രോഗം വന്നാല്‍ പോലും സ്വകാര്യ ആശുപത്രിയെ ശരണം പ്രാപിക്കേണ്ട അവസ്ഥയിലേയ്ക്ക് പൊതുജനത്തെ തളളിവിടുകയാണ്. എന്നാല്‍ അവരുടെ പ്രതീക്ഷയ്ക്കൊത്ത സംതൃപ്തി ആശുപത്രികളില്‍ നിന്നും ലഭിക്കുന്നില്ല. അമിതമായ ചെലവും അവരെ പ്രകോപിപ്പിക്കുന്നു.
ഡോക്ടര്‍മാരുടെ സമീപനത്തിലും മറ്റും മാറ്റം വന്നെങ്കിലേ ജനരോഷത്തെ ചെറിയ തോതിലെങ്കിലും തടുക്കാനാകൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications