മതികെട്ടാന്‍: പട്ടയങ്ങളേറെയും വ്യാജം
കൊച്ചി : മതികെട്ടാനിലെ കുടിയേറ്റക്കാര്‍ സമര്‍പ്പിച്ച 77 പട്ടയങ്ങളില്‍ റവന്യൂ വകുപ്പില്‍ രേഖകളുളളത് നാലെണ്ണത്തിനു മാത്രമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മതികെട്ടാന്‍ വനം കയ്യേറ്റത്തെക്കുറിച്ച് അന്വേഷിച്ച അഡീഷണല്‍ സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുളള കമ്മിറ്റിയ്ക്കു മുമ്പില്‍ സമര്‍പ്പിച്ചവയാണ് ഈ പട്ടയങ്ങള്‍. രണ്ടു പ്രാവശ്യം നടന്ന തെളിവെടുപ്പുകളില്‍ 32 പേര്‍ 60 രേഖകള്‍ ഹാജരാക്കിയിരുന്നു. ഇവയില്‍ നാലെണ്ണമൊഴിച്ച് ബാക്കിയെല്ലാം വ്യാജമാണെന്നാണ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. ഇതോടെ ഇവരെ കുടിയിറക്കാനുളള നടപടികള്‍ ത്വരിതപ്പെടുത്തും.
കമ്മിറ്റിയുടെ ആദ്യ തെളിവെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട 17 പട്ടയങ്ങളില്‍ ഒന്നു പോലും യഥാര്‍ത്ഥമല്ലെന്ന് കണ്ടെത്തി. തുണ്ടു ഭൂമികള്‍ കൈവശം വച്ചിരിക്കുന്ന 34 പട്ടികജാതി കുടുംബങ്ങളെയും 18 പട്ടിക വര്‍ഗ കുടുംബങ്ങളെയും കുടിയിറക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 54 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയിട്ടുണ്ട്. അതില്‍ ഒമ്പതെണ്ണം പണി പൂര്‍ത്തിയാക്കിയ വീടുകളായിരുന്നു. 17 വീടുകളില്‍ ആള്‍ത്താമസവും ഉണ്ടായിരുന്നു.
മതികെട്ടാനിലെ എല്ലാ കുടിയേറ്റക്കാരെയും ഒഴിപ്പിച്ചതായി സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. മതികെട്ടാനിലേയ്ക്കുളള റോഡും അടച്ചിട്ടുണ്ട്. പ്രദേശമാകെ വനം വകുപ്പിന്റെ നിയന്ത്രണത്തിലാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
റവന്യൂ, വനം വകുപ്പുകള്‍ സംയോജിച്ച് നടത്തുന്ന ദ്വിമുഖ പരിശോധന നിര്‍ത്തലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വനഭൂമി റവന്യൂ വകുപ്പും മരങ്ങള്‍ വനം വകുപ്പും സംരക്ഷിക്കണമെന്ന നിയമം അപ്രായോഗികമാണെന്ന് ബോദ്ധ്യമായതു കൊണ്ടാണിത്.












Click it and Unblock the Notifications