അബ്ദുള്‍കലാം രാഷ്ട്രപതി ആവുമോ?
ദില്ലി: പ്രശസ്ത ശാസ്ത്രജ്ഞന്‍ എ.പി.ജെ. അബ്ദുള്‍ കലാം രാഷ്ട്രപതിയായേക്കുമെന്ന് സൂചന. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരമൊഴിവാക്കാനുള്ള എന്‍ഡിഎയുടെ പുതിയ ശ്രമത്തിന്റെ ഭാഗമായാണ് പി.സി. അലക്സാണ്ടറെയും കൃഷന്‍കാന്തിനെയും പിന്തള്ളി അബ്ദുള്‍ കലാമിന്റെ പേര് മുന്‍നിരയില്‍ എത്തിയിരിക്കുന്നത്.
മഹാരാഷ്ട്ര ഗവര്‍ണര്‍ പി.സി. അലക്സാണ്ടറായിരുന്നു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. എന്‍ഡിഎ അലക്സാണ്ടറെ നിര്‍ദേശിച്ചാല്‍ എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസും സമാജ്വാദിയും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളും അഭിപ്രായപ്പെട്ടിരുന്നു. എന്‍ഡിഎയിലെ പ്രധാനഘടകകക്ഷിയായ തെലുഗുദേശം നേതാവ് ചന്ദ്രബാബുനായിഡുവിനും പി.സി. അലക്സാണ്ടറെ രാഷ്ട്രപതിയാക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. ഉപരാഷ്ട്രപതി കൃഷന്‍കാന്തിന്റെ പേരാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ചന്ദ്രബാബുനായിഡു നിര്‍ദേശിച്ചിരുന്നത്.
ഉള്ളില്‍നിന്നും പുറത്തുനിന്നും ഉള്ള എതിര്‍പ്പുകളെ അവഗണിച്ച് പി.സി. അലക്സാണ്ടറുടെ പേര് നിര്‍ദേശിക്കാന്‍ എന്‍ഡിഎ ഭയപ്പെട്ടിരുന്നു. അതുകൊണ്ട് കഴിഞ്ഞ രണ്ടുദിവസവും എന്‍ഡിഎയോഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരം വന്നാല്‍ തെലുഗുദേശം കൂടി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് വോട്ടുചെയ്താല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തോല്ക്കുമെന്നുറപ്പാണ്. ഈ നാണക്കേട് ഒഴിവാക്കാന്‍ അവസാനനിമിഷം പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജന്‍ ജൂണ്‍ പത്ത് തിങ്കളാഴ്ച ഹൈദരാബാദിലേക്ക് കുതിച്ചു. ചന്ദ്രബാബുനായിഡുവിനെ തണുപ്പിക്കാനായിരുന്നു ഈ നീക്കം.
ഒടുവില്‍ ഒത്തുതീര്‍പ്പുഫോര്‍മുല എന്ന നിലയ്ക്ക് പി.സി. അലക്സാണ്ടറെയും കൃഷന്‍കാന്തിനെയും ഒഴിവാക്കി മൂന്നാമതൊരാളെ തീരുമാനിക്കാന്‍ എന്‍ഡിഎ നിര്‍ബന്ധിതരായിരിക്കുന്നുവെന്നതാണ് ഒടുവില്‍ കിട്ടിയ സൂചന. ഒത്തുതീര്‍പ്പുസ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കാണ് ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്. ഒടുവിലത്തെ സൂചനയനുസരിച്ച് അബ്ദുള്‍കലാമിന് തന്നെയാണ് കൂടുതല്‍ സാധ്യത. ഇതിനെ കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും എതിര്‍ക്കാനും സാധ്യതയില്ല. അങ്ങിനെയെങ്കില്‍ രാഷ്ട്രപതിസ്ഥാനത്തിന്റെ പേരില്‍ മത്സരം ഒഴിവാകുകയും ചെയ്യും. ഇന്തോ-പാക് സംഘര്‍ഷസാധ്യത നിലനില്ക്കുന്ന സാഹചര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്ക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും ശക്തമാണ്.












Click it and Unblock the Notifications