Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി തോമസിനെ കുരുക്കാന്‍ ഐ ഗ്രൂപ്പ്

തിരുവനന്തപുരം : ചെവിയോര്‍ത്താല്‍ ഐ ഗ്രൂപ്പിന്റെ അണിയറയില്‍ നിന്നും കത്തി രാകുന്ന ശബ്ദം കേള്‍ക്കാം. സംസ്ഥാന ടൂറിസം മന്ത്രി കെ. വി. തോമസിന്റെ തലയരിയാനുളള കത്തിയ്ക്കാണ് മൂര്‍ച്ച വരുത്തുന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മാഷ് പുറത്തു പോകേണ്ടി വരും.

കെ. വി. തോമസിന്റെ തലയ്ക്ക് കരുണാകര പക്ഷം വിലയിട്ടു കഴിഞ്ഞു. മലവെളളം പോലെ വിജിലന്‍സ് വിഭാഗത്തിനു മുന്നില്‍ ഒലിച്ചെത്തിയ അഴിമതിയാരോപണങ്ങള്‍ കരുവാക്കി തോമസ് മാഷെ മന്ത്രിസഭയില്‍ നിന്നും പുറത്തു ചാടിയ്ക്കാനുളള തന്ത്രങ്ങള്‍ വിജയം കാണാനാണ് സാദ്ധ്യത.

എതിര്‍ഗ്രൂപ്പിനെക്കാളേറെ സ്വന്തം ഗ്രൂപ്പാണ് മാഷുടെ രാഷ്ട്രീയ ശവക്കച്ച പറഞ്ഞുറപ്പിച്ചിരിക്കുന്നത്. ആരോപണത്തിന്റെ ഗൗരവവും തോമസ് മാഷിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കേണ്ടതിന്റെ ആവശ്യകതയും കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത് പത്മജാ വേണുഗോപാലാണ്. മന്ത്രിയ്ക്ക് ഐ ഗ്രൂപ്പ് നല്‍കിയിരിക്കുന്ന വിലയെന്തെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

ദില്ലിയില്‍ നിന്നുളള റിപ്പോര്‍ട്ടുകളനുസരിച്ച് ഞായറാഴ്ചയാണ് സോണിയ - പത്മജ കൂടിക്കാഴ്ച നടന്നത്. ടൂറിസം മന്ത്രിയെ അടിയന്തരമായി പുറത്താക്കണമെന്നാണത്രേ സോണിയയോട് പത്മജ അഭ്യര്‍ത്ഥിച്ചത്.

മന്ത്രി തോമസിന്റെ അഴിമതികളെക്കുറിച്ച് ഐ വിശദമായ പരാതിയാണ് കേന്ദ്രനേതൃത്വത്തിനു മുന്നില്‍ സമര്‍പ്പിച്ചത്. കിട്ടിയ അവസരം പരമാവധി മുതലാക്കുക എന്ന തന്ത്രമാണ് അവര്‍ പയറ്റുന്നത്.

പ്രശ്നത്തില്‍ ലീഡര്‍ തോമസിനെതിരെ വെടിപൊട്ടിക്കുന്നതോടെ ഐ ഗ്രൂപ്പില്‍ നിന്നുതന്നെ തോമസ് പുറത്തായേയ്ക്കും. ഓണാഘോഷത്തോടനുബന്ധിച്ച് ലീഡറും തോമസും തമ്മില്‍ പരസ്യമായി കോര്‍ത്തതോടെയാണ് മാഷുടെ മാനസാന്തരം മാലോകരറിഞ്ഞത്.

ഐ ഗ്രൂപ്പിന്റെ പേരില്‍ മന്ത്രിയായവര്‍ ആന്റണിയ്ക്ക് പാരവയ്ക്കുന്നില്ലെന്ന് കരുണാകരന് നേരത്തെ പരാതിയുണ്ടായിരുന്നു. ലീഡറുടെ വലംകൈയായി മന്ത്രിസഭയില്‍ പ്രവേശിച്ച കെ. വി. തോമസിന്റെ കൂറ് ഫലത്തില്‍ ആന്റണിയോടായിരുന്നു എന്നതും രഹസ്യമല്ല.

അതു കൊണ്ടാണ് എറണാകുളത്തൊക്കെ പ്രവര്‍ത്തിക്കേണ്ട മാഷ് ഐ ഗ്രൂപ്പ് വിടുക എന്ന മണ്ടത്തരം കാണിക്കില്ലെന്ന് ലീഡര്‍ പരസ്യമായി മാദ്ധ്യമക്കാരോട് പറഞ്ഞത്. അദ്വാനിയെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത് വിവാദമായപ്പോഴാണ് ലീഡര്‍ കെ. വി. തോമസിനെതിരെ പരസ്യമായി മുന വച്ച വാക്കുകള്‍ എയ്തത്. മാഷുടെ മന്ത്രിപ്പണിയ്ക്ക് ഇനിയേറെ ആയുസ്സില്ലെന്ന് അന്നു ചിലര്‍ നടത്തിയ പ്രവചനം ഫലിക്കുകയാണ്.

ആന്റണി മന്ത്രിസഭയില്‍ അംഗങ്ങളായ മൂന്ന് ഐക്കാരും പത്മജയുടെ മന്ത്രിപ്പട്ടത്തിന് തടസം നില്‍ക്കുന്നു എന്ന തോന്നലും ലീഡര്‍ക്കുണ്ട്. പതിയെ ഐ ഗ്രൂപ്പില്‍ ആരെയെങ്കിലും രാജിവയ്പിച്ച് പകരം മകളെ മന്ത്രിക്കുപ്പായമണിയിക്കുക എന്നതായിരുന്നു ലീഡറുടെ ലക്ഷ്യം. കണ്ണടയുംമുമ്പ് ആ കാഴ്ചയും ഒന്നു കാണണമെന്നതാണ് സ്നേഹനിധിയായ ആ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ആഗ്രഹം ആഗ്രഹമായിത്തന്നെ തുടരുന്നതില്‍ അദ്ദേഹം ഖിന്നനുമാണ്.

അപ്പോഴാണ് വിജിലന്‍സ് പരാതി പൊട്ടിവീഴുന്നത്. പരാതി നല്‍കിയത് ഒരു യൂത്ത് കോണ്‍ഗ്രസുകാരനാണെന്നതും ശ്രദ്ധേയമാണ്. അതീവ സൂക്ഷ്മതയോടെ തയ്യാറാക്കിയ പരാതിയാണെന്ന് വായിക്കുന്ന ആര്‍ക്കും മനസിലാകും.

മന്ത്രിയുടെ ഭാര്യ ഷെര്‍ലി തോമസിന്റെ പേരിലുളള ട്രാവല്‍സിനു വേണ്ട് ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്നും അതിന് മന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും രേഖകള്‍ സഹിതം ആരോപിക്കാന്‍ ഒരു സാധാരണക്കാരന് കഴിയില്ല. വ്യക്തമായി ഈ കഥകള്‍ അറിയാവുന്നവര്‍ തന്നെയാണ് പരാതിയ്ക്ക് പിന്നില്‍.

ഫ്രഞ്ചു ചാരക്കേസിനു ശേഷം തോമസ് മാഷ് നേരിടുന്ന അടുത്ത അഗ്നി പരീക്ഷയാണിത്. മന്ത്രിസഭ അധികാരമേറ്റതിനു ശേഷം വന്ന അഴിമതിയാരോപണങ്ങളില്ലൊം പ്രതികള്‍ ഐ ഗ്രൂപ്പുകാരാണെന്ന് ആശ്വസിയ്ക്കുകയാണ് എതിര്‍ ഗ്രൂപ്പുകള്‍. മന്ത്രിസഭയില്‍ നിന്നോ യുഡിഎഫില്‍ നിന്നോ ടൂറിസം മന്ത്രിയ്ക്ക് അനുകൂലമായി ആരും മിണ്ടുന്നുമില്ല.

ഒന്നാം വാര്‍ഷികത്തിനു ശേഷം ആന്റണി മന്ത്രിസഭ കോണ്‍ഗ്രസിന്റെ സഹജഗുണങ്ങള്‍ അനുഭവിച്ചു തുടങ്ങുകയാണ്. കാര്‍ത്തികേയനും കടവൂര്‍ ശിവദാസനുമെതിരെ ആരോപിക്കപ്പെട്ട പീഢനക്കേസിനു പിന്നിലും കോണ്‍ഗ്രസിന്റെ സമുന്നതരായിരുന്നെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ ഉന്നം കെ. വി. തോമസ്. അടുത്ത ഇര ആരായിരിക്കുമെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നേതൃത്വം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+