ടാക്സ് ഹോളിഡേ നല്‍കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യത്തെ 30 ദിവസത്തേക്ക് മലയാള ചിത്രങ്ങള്‍ക്ക് ടാക്സ് ഹോളിഡേ പ്രഖ്യാപിക്കണമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
മലയാള സിനിമയുടെ പ്രതിസന്ധിയെ കുറിച്ച് പഠിച്ച് അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്. ജൂണ്‍ 10 തിങ്കളാഴ്ചയാണ് അടൂരിന്റ നേതൃത്വത്തില്‍ ചലച്ചിത്ര മേഖലയിലെ വിവിധ രംഗങ്ങളിലുള്ളവര്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചലച്ചിത്ര വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുമെന്ന് സമിതി അംഗങ്ങളെ മുഖ്യമന്ത്രി അറിയിച്ചു.
അടൂരിനെ കൂടാതെ എസ്. ചന്ദ്രന്‍, കിരീടം ഉണ്ണി, മണിയന്‍പിള്ള രാജു, ജി. സുരേഷ്കുമാര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ. വി. മോഹന്‍കുമാര്‍, ഔസേപ്പച്ചന്‍ എന്നിവരാണുണ്ടായിരുന്നത്. മുഖ്യമന്ത്രിയുമായി 30 മിനുട്ടോളം ഇവര്‍ ചര്‍ച്ച നടത്തി.
അടൂര്‍, ചന്ദ്രന്‍, മോഹന്‍കുമാര്‍, കിരീടം ഉണ്ണി, ജി. ജയകുമാര്‍, എം. സി. ബോബി, ജി. സുരേഷ് കുമാര്‍, കെ. മധു, ഔസേപ്പച്ചന്‍, ടി. പി. മാധവന്‍, മണിയന്‍പിള്ള രാജു എന്നിവരടങ്ങിയ സമിതിയാണ് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വിനോദ നികുതി നഗരങ്ങളില്‍ 25 ശതമാനവും ഗ്രാമങ്ങളില്‍ 15 ശതമാനവും കുറക്കാന്‍ നിര്‍ദേശമുണ്ട്.
തിയേറ്ററുകളിലെ വരുമാനത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായിട്ടുള്ളത് പരിഹരിക്കാന്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ആകെ ചെലവിന്റെ 25-30 ശതമാനം മാത്രമേ താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാവൂ. സാങ്കേതിക വിദഗ്ധര്‍ക്ക് 15-20 ശതമാനവും.
സിനിമ തുടങ്ങുന്നതിന് മുമ്പ് പൂര്‍ണമായ തിരക്കഥയും വ്യക്തമായ ബഡ്ജറ്റും നിര്‍ബന്ധമായുമുണ്ടായിരിക്കണം. 60,000 അടിയില്‍ കൂടുതല്‍ ഫിലിം ഉപയോഗിക്കാന്‍ പാടില്ല.
മൂന്നു കൊല്ലത്തിന് ശേഷമേ ചിത്രം ചാനലുകള്‍ക്ക് വില്‍ക്കാവൂ. അഞ്ച് കൊല്ലത്തേക്കായിരിക്കും ചാനലുകളുടെ അവകാശം.
തിയേറ്റര്‍ അടച്ചുപൂട്ടുന്നതിനെതിരെ നിയമം കൊണ്ടുവരണം. ഏതെങ്കിലും തിയേറ്റര്‍ പൂട്ടേണ്ടി വന്നാല്‍ പകരം 450 സീറ്റുള്ള തിയേറ്റര്‍ നിര്‍മിക്കാന്‍ നിബന്ധന കൊണ്ടുവരണം.
അതിനിടെ ജൂണ്‍ 16ന് മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി അമ്മ നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി. അടൂരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന നിര്‍ദേശങ്ങള്‍ തന്നെയാണ് തങ്ങള്‍ക്കും പറയാനുള്ളതെന്നും നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും അമ്മ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.












Click it and Unblock the Notifications