കലാമിന് കോണ്‍ഗ്രസ് പിന്തുണ
ദില്ലി: രാഷ്ട്രപതിസ്ഥാനത്തേക്ക് എന്‍ഡിഎ നിര്‍ദേശിച്ച ഡോ. അബ്ദുള്‍ കലാമിന് പിന്തുണ നല്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ജൂണ്‍13 വ്യാഴാഴ്ച സോണിയാഗാന്ധിയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗമാണ് ഈ തീരുമാനം എടുത്തത്.
ഇനി ഇടതുപക്ഷ കക്ഷികളും ജനതാ ദള്‍ യൂണൈറ്റടും കൂടി കലാമിനെ പിന്തുണച്ചാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഐകകണ്േഠനയാവും.
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കി, സമവായം ഉണ്ടാക്കുക എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കരുതുന്നു. കോണ്‍ഗ്രസ് തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് ജയപാല്‍ റെഡ്ഡി അറിയിയ്ക്കും. കോണ്‍ഗ്രസും ഇടതുപക്ഷപാര്‍ട്ടികളും ഇപ്പോഴത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണനോട് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഇടതുപക്ഷപാര്‍ട്ടികളും ഇനി രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യതയില്ല. ഇതോടെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.
വിവിധരാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ കൃതാര്‍ത്ഥനാണെന്ന് അബ്ദുള്‍കലാം അറിയിച്ചു. രാജ്യത്തിന്റെ ഏകീകൃതമായ വിശ്വാസത്തിന്റെ പ്രതീകമാണ് രാഷ്ട്രപതി സ്ഥാനമെന്നും ഈ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ പരമാവധി പ്രയത്നിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications