വല്ലാര്‍പാടം: നടപടിയെടുക്കുമെന്ന് ആന്റണി
തിരുവനന്തപുരം: വല്ലാര്‍പാടത്ത് സൂപ്പര്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും കേരളം ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി ഉറപ്പുനല്കി.
നിയമസഭയില്‍ ജൂണ്‍ 14 വെള്ളിയാഴ്ച ഇതുസംബന്ധിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊച്ചിന്‍ റിഫൈനറീസ് മന്നക്കോണത്ത് കപ്പലുകള്‍ക്ക് നങ്കൂരമിടുന്നതിനുള്ള സൗകര്യം സ്ഥാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വി.കെ. ഇബ്രാഹിംകുഞ്ഞാണ് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചത്.
എന്നാല്‍ ഇത് രണ്ട് കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ കേരളത്തിന് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് ആന്റണി പറഞ്ഞു. കൊച്ചി തുറമുഖത്തിന്റെ വികസനം കേരളം ആഗ്രഹിക്കുന്നു. ഒപ്പം കൊച്ചിന്‍ റിഫൈനറീസിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയും വേണം.- ആന്റണി പറഞ്ഞു.
കൊച്ചിന്‍ റിഫൈനറീസ് കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യം സ്ഥാപിച്ചാല്‍ അത് കൊച്ചി തുറമുഖത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പൊതുവിലുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഇക്കാര്യം പരിഹരിക്കാന്‍ ഷിപ്പിംഗ് മന്ത്രാലയവുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയത്തിലേക്ക് സംസ്ഥാനസര്‍ക്കാര്‍ കത്തെഴുതിയിട്ടുണ്ടെന്ന് ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications