ടൂറിസം ലൈസന്‍സിന് നഗരസഭാ നിയന്ത്രണങ്ങള്‍
തിരുവനന്തപുരം : കോവളം കനാല്‍ വഴിയുളള വിനോദ സഞ്ചാര പദ്ധതികള്‍ക്ക് ലൈസന്‍സ് നല്‍കാനുളള ചട്ടങ്ങള്‍ക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ രൂപം നല്‍കി. പദ്ധതികളെ കോര്‍പറേഷന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനാണിത്.
കോര്‍പറേഷന്റെ ആരോഗ്യ ഉപസമിതിയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുക, മയക്കുമരുന്ന് വിപണനവും ഉപയോഗവും തടയുക, വിദേശ ടൂറിസ്റുകളെ ചൂഷണം ചെയ്യുന്നത് തടയുക എന്നിവ ഉറപ്പു വരുത്തണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
ടൂറിസം ബോട്ടുകള്‍ക്ക് 100 രൂപയും ഹൗസിംഗ് ബോട്ടുകള്‍ക്ക് 200 രൂപയും ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താന്‍ ശിപാര്‍ശയുണ്ട്. സഞ്ചാരികള്‍ക്കായുളള സൗകര്യങ്ങള്‍ ഓരോ പദ്ധതിയിലും ഉറപ്പു വരുത്തണം. സംരംഭകര്‍ ടൂറിസം വകുപ്പിന്റെ അംഗീകാരമുളളവരായിരിക്കണമെന്നും അവരുടെ ഭൂതകാലത്തെക്കുറിച്ച് പൊലീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. ടൂറിസം ബോട്ടുകള്‍ക്കും ഹൗസിംഗ് കോട്ടേജുകള്‍ക്കും ജലസേചന വകുപ്പിന്റെ അംഗീകാരം വേണം. കോര്‍പറേഷന്‍ എഞ്ചിനീയര്‍ നല്‍കുന്ന സുരക്ഷാ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. നീന്തലറിയുന്നവരായിരിക്കണം ഈ ബോട്ടുകളിലെ ജീവനക്കാര്‍.
വെളളച്ചിമാറ മുതല്‍ പനത്തുറ വരെയുളള കയര്‍ പിരിയ്ക്കല്‍ മേഖലയില്‍ ബോട്ടുകള്‍ പ്രവേശിയ്ക്കാന്‍ പാടില്ല. യന്ത്രവല്‍കൃത ബോട്ടുകളുടെ വേഗത മണിക്കൂറില്‍ 10 കിലോമീറ്റര്‍ ആയിരിക്കണം.
എല്ലാ സൗകര്യങ്ങള്‍ക്കും നിശ്ചിതമായ ഫീസ് ഉണ്ടായിരിക്കണം. ടിക്കറ്റിലും ഓഫീസിലും ഇത് പ്രദര്‍ശിപ്പിക്കണമെന്നും പ്രമേയം ശിപാര്‍ശ ചെയ്യുന്നു.
വേണ്ടത്ര ചര്‍ച്ചയ്ക്ക് അവസരം നല്‍കാതെ ഉപ അജന്‍ഡയായാണ് പ്രമേയം അവതരിപ്പിച്ചതെന്ന് നഗരസഭയിലെ പ്രതിപക്ഷം ആരോപിച്ചു. വന്‍സംരംഭകര്‍ക്ക് മാത്രമായി ടൂറിസം പദ്ധതികള്‍ ചുരുക്കാനാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതെന്ന് തമ്പാനൂര്‍ സതീഷ് ആരോപിച്ചു.
എന്നാല്‍ നിലവിലുളള നിയമത്തിലുളള പോരായ്മകള്‍ പരിഹരിക്കാനാണ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വന്നതെന്ന് മേയര്‍ ജെ. ചന്ദ്ര മറുപടി പറഞ്ഞു. ഒന്നിനെതിരെ 42 വോട്ടുകള്‍ക്ക് പ്രമേയം പാസാക്കി.












Click it and Unblock the Notifications