കലാം ബിജെപി ഭക്തന്‍: വിഎസ്
തിരുവനന്തപുരം: സ്ഥായിയായ ബിജെപി ഭക്തനാണെന്ന അറിവുള്ളതുകൊണ്ടാണ് ഇടതുപക്ഷം രാഷ്ട്രപതിസ്ഥാനത്തേക്ക് കലാമിനെ പിന്താങ്ങാത്തതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.
പാണ്ഡിത്യം നേടിയ വ്യക്തിയെന്ന നിലയില്‍ അബ്ദുള്‍ കലാമിനെക്കുറിച്ച് അഭിമാനമുണ്ട്. രാഷ്ട്രപതിയായിരിക്കേണ്ട വ്യക്തി ഉയര്‍ന്ന രാഷ്ട്രീയബോധത്തോടെ പ്രശ്നങ്ങളെ സമീപിക്കണം. ഭരണകക്ഷിയുടെ സമീപനങ്ങളെ അംഗീകരിക്കാതെ ചില നിലപാടുകളെടുക്കേണ്ടിവരും. പക്ഷെ ബിജെപി ഭക്തനായ കലാമിന് അതിന് കഴിയുമോയെന്ന് സംശയമാണ്. - വിഎസ് അഭിപ്രായപ്പെട്ടു.
സംസ്ഥാനങ്ങളെ പിരിച്ചുവിടേണ്ടതുപോലെയുള്ള സാഹചര്യങ്ങളില്‍ ഇപ്പോഴത്തെ രാഷ്ട്രപതി അഭിനന്ദനാര്‍ഹമായ നിലയിലാണ് പെരുമാറിയത്. കെ.ആര്‍. നാരായണന്റെ തിരഞ്ഞെടുപ്പിനെ സിപിഎം പിന്താങ്ങിയത് ശരിയായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. ഗുജറാത്ത് പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിലപാടിന് എതിരായ പ്രമേയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഡപ്യൂട്ടി സ്പീക്കര്‍ അംഗീകരിച്ചതുപോലെയുള്ള സാഹചര്യങ്ങളുണ്ടാകാം. അത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ അവഗാഹമുണ്ടാകണമെന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. - വിഎസ് പറഞ്ഞു.
അബ്ദുള്‍ കലാം മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും വിഎസ് വ്യക്തമാക്കി.












Click it and Unblock the Notifications