കലാം പത്രിക നല്കി
ദില്ലി: രാഷ്ട്രപതി സ്ഥാനാര്‍ഥി എ. പി. ജെ. അബ്ദുള്‍ കലാം ജൂണ്‍ 18 ചൊവാഴ്ച പത്രിക നല്കി. പ്രധാനമന്ത്രി വാജ്പേയിയോടൊപ്പമാണ് കലാം പത്രിക നല്കാന്‍ രാജ്യസഭാ ചേംബറില്‍ എത്തിയത്.
കലാമിന് വേണ്ടി ആദ്യനാമനിര്‍ദേശപത്രിക വാജ്പേയി നല്കി. പത്രികയില്‍ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി, ടിഡിപി നേതാവ് എന്‍. ചന്ദ്രബാബുനായിഡു, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, ബിഎസ്പി നേതാവ് മായാവതി, എഐഎഡിഎംകെ നേതാവ് ഒ. പനീര്‍ ശെല്‍വം, സമതാപാര്‍ട്ടി നേതാവ് ജോര്‍ജ്ജ്ഫെര്‍ണാണ്ടസ്, ഡിഎംകെ നേതാവ് മുരശൊലി മാരന്‍, ശിവസേനയുടെ സുരേഷ് പ്രഭു, ബിജെഡിയുടെ നവീന്‍ പട്നായിക്, തൃണമൂല്‍ കോണ്‍ഗ്രസ് മമതാ ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെടെ കലാമിന്റെ പേര് നിര്‍ദേശിച്ചിട്ടുണ്ട്.
തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും കലാമിന് വേണ്ടി പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍സിംഗ്, അര്‍ജുന്‍സിംഗ്, നട്വര്‍ സിംഗ്, പ്രണാബ് മുഖര്‍ജി, നജ്മ ഹെപ്ത്തുള്ള, പി.എം. സെയ്ദ്, ശിവരാജ് പട്ടീല്‍, എസ്. ജയപാല്‍ റെഡ്ഡി എന്നിവര്‍ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവച്ചിട്ടുണ്ട്.
ഇടതുപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗള്‍ ജൂണ്‍ 21ന് പത്രിക സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അറിയിച്ചിരുന്നു. ഇടതുപാര്‍ട്ടികളുടെയും ജനതാദളി (സെക്കുലര്‍) ന്റെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ പത്രികാ സമര്‍പ്പണ വേളയില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയോടൊപ്പമുണ്ടാവും.
ജൂലായ് 15നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications