ഒരു ദിവസം മുമ്പെ ചീഫ് സെക്രട്ടറി പിരിയുന്നു
തിരുവനന്തപുരം: അധിക ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ചീഫ് സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി റിട്ടയര്‍മെന്റ് തീയതിക്ക് ഒരു ദിവസം മുമ്പെ സര്‍വീസില്‍ നിന്ന് പിരിയുന്നു.
സപ്തംബര്‍ 30നാണ് കൃഷ്ണമൂര്‍ത്തിയുടെ സര്‍വീസ് കാലാവധി അവസാനിക്കുന്നത്. ഒരു ദിവസം മുമ്പേ സ്വമേധയാ സര്‍വീസില്‍ നിന്ന് പിരിയുന്നതിന് അദ്ദേഹം മുഖ്യമന്ത്രിയുടെ അനുമതി തേടിയിരിക്കുകയാണ്.
50,000 രൂപയുടെ അധിക പെന്‍ഷന്‍ ആനുകൂല്യം കിട്ടുന്നതിന് വേണ്ടിയാണ് സ്വമേധയാ പിരിഞ്ഞുപോവല്‍ പദ്ധതിയനുസരിച്ച് ഒരു ദിവസം മുമ്പെ പിരിയുന്നതിന് കൃഷ്ണമൂര്‍ത്തി അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷയ്ക്ക് മുഖ്യമന്ത്രി എ. കെ. ആന്റണി അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തെ തന്റെ ഭാര്യയ്ക്ക് ജോലി തരപ്പെടുത്തിക്കൊടുത്തതിന്റെ പേരില്‍ കൃഷ്ണമൂര്‍ത്തിയ്ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് പിരിഞ്ഞ ഭാര്യ ചെല്ലത്തിന്, റീജിയണല്‍ കാന്‍സര്‍ സെന്ററിലാണ് സ്വാധീനമുപയോഗിച്ച് കൃഷ്ണമൂര്‍ത്തി ജോലി തരമാക്കിയത്. ഇത് വിവാദമായപ്പോള്‍ ചെല്ലത്തിന് ജോലിയില്‍ നിന്ന് രാജിവെക്കേണ്ടിവന്നു.
ട്രഷറിയില്‍ നിന്ന് ചെറിയ തുക പോലും നല്‍കുന്നതിന് നിരോധനമുണ്ടായിരുന്നപ്പോള്‍ ചെല്ലത്തിന്റെ പെന്‍ഷന്‍ ആനുകൂല്യത്തില്‍ വരുന്ന 27 ലക്ഷത്തിലേറെ വരുന്ന തുക നല്‍കാന്‍ ഉത്തരവ് നല്‍കിയതായും കൃഷ്ണമൂര്‍ത്തിക്കെതിരെ ആരോപണമുണ്ട്.












Click it and Unblock the Notifications