നിയന്ത്രണങ്ങള്‍ നിക്ഷേപകരെ തളര്‍ത്തുമെന്ന് മന്ത്രി
തിരുവനന്തപുരം : മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചട്ടങ്ങള്‍ കേരളത്തിലെ വ്യവസായാന്തരീക്ഷം മലിനപ്പെടുത്തുമെന്ന് കുഞ്ഞാലിക്കുട്ടി.
പാലക്കാട് ജില്ലയിലെ 36 വ്യവസായങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെക്കുറിച്ചുളള ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി പ്രശ്നത്തെക്കുറിച്ച് ജൂണ്‍ 20 ന് ചര്‍ച്ച നടത്തും. ആരോഗ്യവകുപ്പ് അധികൃതര്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ലോകബാങ്ക് ഏജന്‍സിയുടെ പഠനത്തെ തുടര്‍ന്ന് ഏകപക്ഷീയമായാണ് ബോര്‍ഡ് ഈ തീരുമാനമെടുത്തതെന്ന് വ്യവസായ മന്ത്രി പറഞ്ഞു. സിപിഎം അംഗം വി. കെ. ചന്ദ്രനാണ് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചത്.
പഠനത്തില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി ആരോപിച്ചു. പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളൊന്നും തൊട്ടടുത്തുളള കോയമ്പത്തൂരില്‍ ബാധകമല്ല.
ഇപ്പോള്‍ത്തന്നെ നിക്ഷേപകര്‍ സംസ്ഥാനത്തേയ്ക്ക് വരാന്‍ മടിക്കുകയാണ്. അതിനിടയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൂടിയായാല്‍ സ്ഥിതി വഷളാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിലപാട് മൂലം പാലക്കാട് ജില്ലയില്‍ വ്യാവസായിക പ്രതിസന്ധി നിലനില്‍ക്കുകയാണെന്ന് വി. കെ. ചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications