മുഖ്യമന്ത്രി പത്രക്കാരെ ബഹിഷ്കരിച്ചു
തിരുവനന്തപുരം: വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയ ശേഷം, അപ്രതീക്ഷിതമായി മുഖ്യമന്ത്രി അത് ബഹിഷ്കരിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ജൂണ്‍ 19 ബുധനാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനമാണ,് വാര്‍ത്താലേഖകരോടുള്ള പ്രതിഷേധസൂചകമായി മുഖ്യമന്ത്രി ബഹിഷ്കരിച്ചത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് മന്ത്രിസഭായോഗതീരുമാനം വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തശേഷം ഒരു മുഖ്യമന്ത്രി അത് ബഹിഷ്കരിക്കുന്നത്. ദൃശ്യമാധ്യമങ്ങള്‍ക്ക് നിയമസഭയില്‍ വിലക്കേര്‍പ്പെടുത്തിയ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് വാര്‍ത്താലേഖകര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. വാര്‍ത്താലേഖകരുടെ ഈ നീക്കത്തില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ചത്.
മന്ത്രിസഭായോഗതീരുമാനം വിശദീകരിക്കാന്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെ 11.30ന് നടക്കുമെന്നായിരുന്നു അറിയിച്ചത്. ഇതു പ്രകാരം കറുത്ത ബാഡ്ജ് ധരിച്ച് വാര്‍ത്താലേഖകര്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ എത്തി. സാധാരണ മന്ത്രിസഭായോഗം കഴിഞ്ഞാലുടന്‍ മുഖ്യമന്ത്രി അത് വിശദീകരിക്കാന്‍ കോണ്‍ഫറന്‍സ് ഹാളില്‍ എത്തുകയാണ് പതിവ്. എന്നാല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും അദ്ദേഹം എത്തിയില്ല.
ഒരു മണിക്കു ശേഷം, പേഴ്സണല്‍ സ്റാഫുകളുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും അകമ്പടിയോടെ കോണ്‍ഫറന്‍സ് ഹാളിന്റെ വാതില്ക്കലോളം എത്തിയ മുഖ്യമന്ത്രി ഇന്ന് മന്ത്രിസഭായോഗതീരുമാനം വിശദീകരിക്കുന്നില്ലെന്ന് അറിയിച്ച് മടങ്ങിപ്പോവുകയായിരുന്നു.
തുടര്‍ന്ന് വാര്‍ത്താലേഖകര്‍ സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റില്‍ നിന്നും പ്രകടനമായി വടക്കേ ഗേറ്റിലേക്കെത്തി. മുഖ്യമന്ത്രിയുടെ നടപടി വാര്‍ത്താലേഖകരെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ആരോപിച്ചു. പത്രപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്തുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്തില്ല. എളിയ തോതിലുള്ള ഒരു പ്രതികരണമെന്ന നിലയ്ക്ക് കറുത്ത ബാഡ്ജ് ധരിച്ചെത്തുക മാത്രമാണ് ചെയ്തത്. എന്നാല്‍ അന്തസ്സോടെയുള്ള ഈ പ്രതികരണം പോലും അംഗീകരിക്കാന്‍ മടിച്ച മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications