കമ്പ്യൂട്ടര്‍ പഠനത്തിന് ഒരു ലക്ഷം വീതം
തിരുവനന്തപുരം: സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്കാനുള്ള ഐടി അറ്റ് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 150 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഒരു ലക്ഷം വീതം നല്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
സ്കൂള്‍ തിരഞ്ഞെടുക്കുന്നതിനായി ഓരോ വിദ്യാഭ്യാസജില്ലയില്‍ നിന്നും അഞ്ചുവീതം സ്കൂളുകളുടെ പേരുകള്‍ അതാത് ഡിഇഒമാര്‍ നിര്‍ദേശിക്കും. ജൂണ്‍ 24 ന് തുക വിതരണം ചെയ്തുതുടങ്ങും.
ഐടി അറ്റ് സ്കൂള്‍ പദ്ധതി നടപ്പിലാക്കാന്‍ ഓരോ സ്കൂളിലും പിടിഎ പ്രസിഡന്റ് വൈസ് ചെയര്‍മാനായി ഒരു ഉപദേശകസമിതി രൂപീകരിക്കും. കമ്പ്യൂട്ടര്‍ പഠനത്തിന് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് മാസം തോറും 25 രൂപ വീതം പിരിക്കും. ചുരുങ്ങിയത് അഞ്ച് കമ്പ്യൂട്ടറുകളെങ്കിലുമുള്ള ലാബുകള്‍ ഓരോ സ്കൂളിലും ഉണ്ടായിരിക്കണം.
കമ്പ്യൂട്ടര്‍ പഠനപദ്ധതി ഉപദേശകസമിതിയ്ക്ക് നേരിട്ടോ കുടുംബശ്രീ പദ്ധതി വഴിയോ നടപ്പിലാക്കാം. അതല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു സ്വകാര്യ ഏജന്‍സി വഴിയോ പദ്ധതി നടപ്പിലാക്കാം. കമ്പ്യൂട്ടര്‍ പഠിപ്പിക്കാനുള്ള സ്വകാര്യ ഏജന്‍സികളെ ക്ഷണിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 1200 കോടി രൂപ മുടക്കാന്‍ തയ്യാറായി ഒരു പ്രമുഖ വിദേശ മലയാളി ഗ്രൂപ്പ് രംഗത്ത് വന്നതായി അറിയുന്നു.
കമ്പ്യൂട്ടര്‍ പഠനം തുടങ്ങുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്കായി 45 പരിശീലന കേന്ദ്രങ്ങള്‍ ഉടന്‍ തുടങ്ങും. പട്ടികജാതി-പട്ടികവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് വേണ്ട. ആഗസ്തില്‍ തന്നെ കമ്പ്യൂട്ടര്‍ പഠനം ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications