ജോസഫിനെതിരെ വിഎസ്
തൃശൂര്‍: മതികെട്ടാന്‍ പ്രശ്നത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം. മതികെട്ടാനില്‍ നിന്നും കുടിയിറക്കിയ കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കേരളകോണ്‍ഗ്രസ്(ജെ) നേതാവ് പി.ജെ. ജോസഫ് ഇടതുമുന്നണിയിലെ ധാരണയ്ക്കെതിരെയാണ് സമരം നയിക്കുന്നതെന്ന് വിഎസ് കുറ്റപ്പെടുത്തി.
തൃശൂരില്‍ ജൂണ്‍19 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്. ഇക്കാര്യം ജൂണ്‍ 25ന് നടക്കുന്ന ഇടതുമുന്നണിയോഗം ചര്‍ച്ച ചെയ്യുമെന്നും വിഎസ് പറഞ്ഞു.
മതികെട്ടാനിലെ ചില കര്‍ഷകര്‍ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ ജോസഫ് പറഞ്ഞിരുന്നു. പക്ഷെ മതികെട്ടാനില്‍ നിന്നും കുടിയിറക്കപ്പെട്ട ഏതാനും കര്‍ഷകര്‍ക്കുവേണ്ടി പരസ്യമായി രംഗത്തിറങ്ങുക വഴി അവിടെ 150 ഉം 100 ഉം ഏക്കര്‍ ഭൂമി വെട്ടിപ്പിടിച്ച വനംകൊള്ളക്കാര്‍ക്കുവേണ്ടിയാണ് ജോസഫ് സംസാരിക്കുന്നതെന്നും വിഎസ് ആരോപിച്ചു.
ജോസഫും ഇടതുമുന്നണിയുടെ പേരില്‍ ജയിച്ച രണ്ടു എംപിമാരും അവിടെ നടത്തുന്ന സമരം ഇടതുമുന്നണിയ്ക്കെതിരായ സമരമാണെന്നും വിഎസ് പറഞ്ഞു. ജോസഫ് നടത്തുന്ന സമരത്തെ സിപിഐ നേതാവ് വെളിയം ഭാര്‍ഗവനും വിമര്‍ശിച്ചിരുന്നു.
എന്നാല്‍ എന്തുവന്നാലും താന്‍ സമരത്തില്‍ നിന്നും പിന്തിരിയുന്ന പ്രശ്നമില്ലെന്ന് ജോസഫ് വ്യക്തമാക്കി. 1977ന് മുമ്പ് അവിടെ കുടിയേറിയ കര്‍ഷകരെയാണ് മതികെട്ടാനില്‍ കുടിയിറക്കിയത്. ഈ അന്യായത്തെപ്പറ്റി ജൂണ്‍25ന് നടക്കുന്ന ഇടതുമുന്നണിയോഗത്തില്‍ താന്‍ ഘടകകക്ഷികളെ ബോധ്യപ്പെടുത്തുമെന്നും ജോസഫ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications