മലബാര്‍ മേള ആഗസ്ത് 9ന്
കൊച്ചി: ഈ വര്‍ഷത്തെ മലബാര്‍ ടൂറിസം മേള ആഗസ്ത് ഒമ്പതിന് കോഴിക്കോട് നടക്കുമെന്ന് വിനോദസഞ്ചാരമന്ത്രി കെ.വി. തോമസ് അറിയിച്ചു. മലബാര്‍ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമാക്കിയുള്ളതാണ് ഈ മേള.
ജൂണ്‍ 20 വ്യാഴാഴ്ച കേരളാ സ്റേറ്റ് ട്രാവല്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് കേരളത്തിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായി. പക്ഷെ കഴിഞ്ഞ രണ്ടാഴ്ചയായി വീണ്ടും വിദേശ ടൂറിസ്റുകള്‍ വന്നുതുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ടൂറിസം മേഖലയില്‍ കേരളം കനത്ത മത്സരം നേരിടുന്നുണ്ട്. പക്ഷെ അതിതീവ്രമായ വിപണനതന്ത്രം കൊണ്ട് മാത്രമേ ആ മത്സരങ്ങളെ അതിജീവിക്കാന്‍ കേരളത്തിനാകൂ. ഈ വര്‍ഷത്തെ നെഹ്രു വള്ളംകളി ആഗസ്ത് 10ന് ആലപ്പുഴയില്‍ നടക്കും. സോണിയാ ഗാന്ധിയും ഇക്കുറി പങ്കെടുക്കുമെന്ന് കരുതുന്നു.
തിരുവനന്തപുരത്ത് ആഗസ്ത് 25ന് ഓണാഘോഷങ്ങള്‍ക്ക് കേന്ദ്രആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയും കേന്ദ്ര ടൂറിസം മന്ത്രി ജഗ്മോഹനും പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ ടൂറിസം വികസനത്തിനായി 200 കോടി ചെലവാക്കി. കുമ്പളങ്ങി എന്ന ഗ്രാമത്തെ ഒരു മാതൃകാ മത്സ്യബന്ധനഗ്രാമമാക്കി വികസിപ്പിക്കാന്‍ 25 കോടി നീക്കിവച്ചു.
ടൂറിസം വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്തെ അഞ്ച് നഗരങ്ങളില്‍ അഞ്ച് മാതൃകാറോഡുകള്‍ പണിയും. ടൂറിസം വികസനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് 1500 കോടി ചെലവഴിക്കും.












Click it and Unblock the Notifications