മതികെട്ടാന്‍: ജോസഫ് ഒറ്റപ്പെടുന്നു
തിരുവനന്തപുരം: മതികെട്ടാനിലെ ഭൂമികൈയേറ്റ പ്രശ്നത്തില്‍ ഇടതുമുന്നണിയുടെ പൊതു നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിച്ചതോടെ കേരള കോണ്‍ഗ്രസ് (ജോസഫ്) മുന്നണിയില്‍ ഒറ്റപ്പെടുന്നു.
1977 ജനവരി ഒന്നിന് മുമ്പ് ഭൂമി കൈയേറിയവരെ ഒഴിപ്പിക്കരുതെന്നാണ് കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ ജോസഫിന്റെ നിലപാട്. മതികെട്ടാനില്‍ ഭൂമി കൈയേറിയ എല്ലാവരെയും പുറത്താക്കണമെന്ന എല്‍ഡിഎഫിന്റെ പൊതു നിലപാടിനോട് വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന ജോസഫ് ഗ്രൂപ്പിന് മുന്നണിയില്‍ തുടരുന്നത് ഇനി പ്രയാസകരമായിരിക്കും.
ജൂണ്‍ 25ന് ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. മുന്നണിയില്‍ തുടരണമെങ്കില്‍ മതികെട്ടാന്‍ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള മുന്നണിയുടെ നിലപാട് ജോസഫ് ഗ്രൂപ്പ് അംഗീകരിച്ചേ മതിയാവൂ. ഇതുസംബന്ധിച്ച് ജോസഫ് ഗ്രൂപ്പിനോട് വിശദീകരണം ആരായുമെന്നാണ് കരുതുന്നത്.
മുന്നണിയിലെ ഘടകക്ഷികള്‍ ജോസഫ് ഗ്രൂപ്പിന്റെ നിലപാടിനെതിരെ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. മെയ് 21 വെള്ളിയാഴ്ച കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ് ഗ്രൂപ്പിനെതിരെ തുറന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ നടത്തിയത്. നേരത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും സിപിഐ നേതാവ് വെളിയം ഭാര്‍ഗവനും ജോസഫിനെ മതികെട്ടാന്‍ പ്രശ്നത്തിന്റെ പേരില്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
അതേ സമയം ജോസഫ് ഗ്രൂപ്പ് തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള നീക്കത്തിലാണ്. ജൂണ്‍ 20 വ്യാഴാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട പി. ജെ. ജോസഫ് 77ന് മുമ്പ് ഭൂമി കൈയേറിയവരെ ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications