റേഡിയോ-സെല്‍ വിജയമെന്ന് മന്ത്രി
കൊച്ചി : വിവിധ മത്സ്യബന്ധന കേന്ദ്രങ്ങളും തലസ്ഥാനത്തെ കണ്‍ട്രോള്‍ റൂമും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയ റേഡിയോ-സെല്ലുലാര്‍ സര്‍വീസ് വിജയകരമാണെന്ന് ഫിഷറീസ് മന്ത്രി പ്രൊഫ. കെ. വി. തോമസ്.
രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമാണെന്ന് അദ്ദേഹം ജൂണ്‍ 23 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. കടലില്‍ 50 കിലോമിറ്റര്‍ അകലെ നിന്നു പോലും ബോട്ടുകള്‍ക്ക് മത്സ്യ ബന്ധന കേന്ദ്രങ്ങളുമായോ കണ്‍ട്രോള്‍ റൂമുമായോ ഈ സംവിധാനം വഴി ബന്ധപ്പെടാം. അപകടമുണ്ടായാല്‍ കൃത്യ സമയത്ത് രക്ഷാ പ്രവര്‍ത്തനം നടത്താനും ഇത് ഉപകരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നീണ്ടകര, വൈപ്പിന്‍, ബേപ്പൂര്‍, വിഴിഞ്ഞം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പട്രോള്‍ ബോട്ടുകള്‍ സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ 31.75 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. വീട് നിര്‍മ്മാണത്തിനും വൈദ്യുതീകരണത്തിനുമാണ് കൂടുതല്‍ തുകയും നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി 5,000 പേര്‍ക്ക് അഞ്ചു കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളി ക്ഷേമ ബോര്‍ഡിലെ 35, 665 പേര്‍ക്ക് 4.66 കോടി രൂപയുടെ സഹായവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications