കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ വയാഗ്ര
കൊച്ചി: ലൈംഗിക ഉത്തേജ മരുന്നായ വയാഗ്ര ഉപയോഗിച്ച് രണ്ട് നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിച്ചു.
പള്‍മൊണറി ഹൈപ്പര്‍ടെന്‍ഷന്‍ മൂലം ഗുരുതരാവസ്ഥയിലായ രണ്ട് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായാണ് കുറഞ്ഞ അളവില്‍ വയാഗ്ര ഉപയോഗിച്ചത്. ഇടപ്പള്ളി അമൃത ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ കുട്ടികളുടെ വിഭാഗം മേധാവി ഡോ. രാജീവിന്റെ നേതൃത്വത്തിലാണ് കുട്ടികളില്‍ വിജയകരമായി വയാഗ്ര പരീക്ഷിച്ചു ചികിത്സ നടത്തിയത്.
മാവേലിക്കര സ്വദേശിനിയായ യുവതിയുടെ കുഞ്ഞിലാണ് ആദ്യമായി വയാഗ്ര ഉപയോഗിച്ച് ചികിത്സ നടത്തിയത്. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ അസുഖം ചികിത്സിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് വയാഗ്ര പരീക്ഷിച്ചത്. നൈട്രിക് ആസിഡിനൊപ്പം ചെറിയ അളവില്‍ വയാഗ്ര ഉപയോഗിക്കുകയായിരുന്നു.
പിറന്നു എട്ട് മണിക്കൂര്‍ മാത്രം കഴിഞ്ഞ കുഞ്ഞിന് കഠിനമായ ശ്വാസതടസവും ശരീരത്തില്‍ നീലനിറവും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനന സമയത്ത് ഓക്സിജന്‍ കുറഞ്ഞതു മൂലമാണ് രോഗമുണ്ടായത്. ഡയഫ്രമാറ്റിക് ഹെര്‍ണിയ ബാധിച്ചതിനെ തുടര്‍ന്ന് കഠിനമായ ശ്വാസതടസമുണ്ടായ മറ്റൊരു കുഞ്ഞിലും വയാഗ്ര ഉപയോഗിച്ചത് വിജയമായി.
അഞ്ച് ദിവസത്തിനകം കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും ഇന്ത്യയിലാദ്യമായാണ് വയാഗ്ര ഉപയോഗിച്ച് ചികിത്സ നടത്തുന്നതെന്നും രാജീവ് പറഞ്ഞു.
കനഡയിലെ അല്‍ബര്‍ട്ടാ സര്‍വകലാശാലയില്‍ 2002 മെയില്‍ വയാഗ്ര ഉപയോഗിച്ചുള്ള ചികിത്സാരീതി പരീക്ഷിച്ചതായി ഡോ. രാജീവ് പറഞ്ഞു.












Click it and Unblock the Notifications