അച്ചടിമാധ്യമം:വിദേശനിക്ഷേപം അരുത്
കോഴിക്കോട്: അച്ചടിമാധ്യമ രംഗത്ത് വിദേശനിക്ഷേപം അനുവദിക്കരുതെന്ന് മാതൃഭൂമി ചെയര്‍മാനും ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി വൈസ് പ്രസിഡന്റുമായ എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. അച്ചടിമാധ്യമരംഗത്ത് 26 ശതമാനത്തോളം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പരമാധികാരത്തിന്റെ ഒരു ഭാഗം വില്ക്കുന്നതിന് തുല്ല്യമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. വിനാശകരവും ദുരുപദേശപരവുമായ ഈ തീരുമാനത്തിലൂടെ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വാജ്പേയി സര്‍ക്കാര്‍ വഴങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നമ്മള്‍ പ്രിയപ്പെട്ടതായി സൂക്ഷിക്കുന്നതെന്താണെന്ന് വിദേശനിക്ഷേപകര്‍ ശ്രദ്ധിക്കില്ല. വാണിജ്യ താല്പര്യങ്ങളാണ് അവരെ നയിക്കുന്നത്. ഇത് രാജ്യത്തിന്റെ സുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കും. ഇനി പ്രതിരോധരംഗത്തും 26 ശതമാനം വിദേശനിക്ഷേപവും പാര്‍ലമെന്റില്‍ 26 ശതമാനം വിദേശസംവരണവും അനുവദിച്ചേക്കുമെന്നും വീരേന്ദ്രകുമാര്‍ പരിഹസിച്ചു.
അച്ചടി രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതോടെ ഇടത്തരം-ചെറുകിട പത്രങ്ങളുടെ മരണമായിരിക്കും സംഭവിക്കുകയെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് പ്രതാപ് പവാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സിപിഎം അഖിലേന്ത്യാസെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും അപലപിച്ചു. ടൈം മാസികയില്‍ വാജ്പേയിയെ അപഹസിച്ചുകൊണ്ട് ലേഖനം വന്നത് ഓര്‍മ്മിക്കണമെന്നും സുര്‍ജിത് പറഞ്ഞു.












Click it and Unblock the Notifications