Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫ് കീഴടങ്ങി, സമരം നിര്‍ത്തി

തിരുവനന്തപുരം : മതികെട്ടാന്‍ സമരം അവസാനിപ്പിയ്ക്കണമെന്ന ഇടതുമുന്നണിയുടെ ആവശ്യത്തിന് ജോസഫ് ഗ്രൂപ്പ് വഴങ്ങി.

സമരം നിര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം ആവശ്യപ്പെട്ടിരുന്നു. സമരം അവസാനിപ്പിക്കുമെന്ന് മുന്നണി യോഗത്തില്‍ തന്നെ ഉറപ്പു നല്‍കിയതായി കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാവ് ഡോ. കെ. സി. ജോസഫ് അറിയിച്ചു. എന്നാല്‍ ഭൂമിയ്ക്ക് അര്‍ഹതയുളളവരെയാണ് കുടിയിറക്കിയതെന്ന പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മതികെട്ടാന്‍ പ്രശ്നത്തില്‍ മുന്നണി തീരുമാനത്തിന് വിരുദ്ധമായ നിലപാടെടുത്ത ജോസഫ് ഗ്രൂപ്പിനെതിരെ ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷികള്‍ കടുത്ത വിമര്‍ശനം അഴിച്ചു വിട്ടു. ജോസഫിന് അനുകൂലമായി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ജോസഫ് ഗ്രൂപ്പിന്റെ വിശദീകരണം യോഗം തളളിക്കളഞ്ഞു.

മതികെട്ടാനില്‍ കുടിയറക്കപ്പെട്ടവരില്‍ ആര്‍ക്കെങ്കിലും യഥാര്‍ത്ഥ കൈവശ രേഖകളുണ്ടെങ്കില്‍ അവര്‍ കോടതിയെ സമീപിക്കണമെന്നാണ് ഇടതുമുന്നണി നിലപാട്. കുടിയിറക്കപ്പെട്ടവരെ തിരികെ പ്രവേശിപ്പിക്കരുതെന്ന ഹൈക്കോടതി വിധിയും ജോസഫ് ഗ്രൂപ്പിന് തിരിച്ചടിയായി.

മതികെട്ടാന്‍ പ്രശ്നം പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന് ജോസഫ് ഗ്രൂപ്പ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് നിരസിക്കപ്പെട്ടു. അങ്ങനെയൊരു കമ്മിറ്റിയുടെ ആവശ്യം ഇപ്പോഴില്ലെന്ന് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി വ്യക്തമാക്കി.

വനംകയ്യേറ്റത്തെ കണ്ടില്ലെന്ന് നടിച്ച് അത്തരം കമ്മിറ്റിയെ നിയോഗിക്കാന്‍ ഇടതുമുന്നണിയ്ക്ക് കഴിയില്ല. കയ്യേറ്റം നടത്തിയ എല്ലാവരെയും ഒഴിപ്പിക്കണമെന്നാണ് ഇടതുമുന്നണി നിലപാട്. അനധികൃത കയ്യേറ്റം നിയമം മൂലം തടയണം. ഇതു സംബന്ധിച്ച് കഴിഞ്ഞ ഇടതുമുന്നണി തീരുമാനത്തില്‍ ഇപ്പോഴും തങ്ങള്‍ ഉറച്ചു നില്‍ക്കുന്നതായി പാലൊളി അറിയിച്ചു.

യോഗത്തില്‍ ഇ. കെ. നായനാര്‍ അദ്ധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പി. ജെ. ജോസഫ്, ഈപ്പന്‍ വര്‍ഗീസ്, ഡോ. കെ. സി. ജോസഫ്, പി. സി. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മതികെട്ടാന്‍ പ്രശ്നം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ പി. സി. ജോര്‍ജ് നിശബ്ദനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+