സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ദില്ലിയില്‍
കൊച്ചി: ട്രേഡ് യൂണിയന്‍ രംഗത്തെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം ജൂലായ് 15ന് ദില്ലിയില്‍ ചേരും. ഹിന്ദ് മസ്ദൂര്‍ സഭ(എച്ച്എംഎസ്) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തമ്പാന്‍ തോമസ് ജൂണ്‍ 26 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
എച്ച്എംഎസ്, എഐടിയുസി, ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി എന്നിവയുള്‍പ്പെടെ ഒമ്പതു ട്രേഡ് യൂണിയനുകളുടെ പ്രതിനിധികള്‍ ഈയിടെ യോഗം ചേര്‍ന്നിരുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംയുക്തമായി പോരാട്ടം ആരംഭിക്കാന്‍ അന്നത്തെ യോഗം തീരുമാനിച്ചിരുന്നു. - തമ്പാന്‍ തോമസ് പറഞ്ഞു.
തൊഴിലാളികള്‍ക്കെതിരായ തൊഴില്‍നിയമം, പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്ക്കരണം, ഇറക്കുമതി നയം, തൊഴിലില്ലായ്മ, ബോണസ് ആക്ട്, പ്രൊവിഡന്റ് നിക്ഷേപത്തിന്റെ പലിശ തുടങ്ങി വിവിധ പ്രശ്നങ്ങള്‍ ദില്ലിയില്‍ ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. ദേശീയ തലത്തില്‍ ട്രേഡ് യൂണിയനുകളുടെ ഐക്യം വളര്‍ത്താനും ഈ യോഗം സഹായിക്കുമെന്നും തമ്പാന്‍ തോമസ് പറഞ്ഞു.


Click it and Unblock the Notifications