എയര്‍ടെല്‍ ജൂലായ് മധ്യത്തോടെ കേരളത്തില്‍
തിരുവനന്തപുരം : ജൂലായ് പകുതിയോടെ കേരളത്തില്‍ എയര്‍ടെല്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തന സജ്ജമാകും. ഭാരതി സെല്ലുലാര്‍ ലിമിറ്റഡ് (ബി.സി. എല്‍.) മേധാവി പി. എച്ച്. റാവു അറിയിച്ചതാണ് ഇക്കാര്യം. കേരളത്തിലെത്തുന്ന മൂന്നാമത് മൊബൈല്‍ കമ്പനിയാണ് ബി. സി. എല്‍.
കേരളത്തിലെ എല്ലാ പട്ടണങ്ങളിലും എയര്‍ടെല്‍ സൗകര്യം ആദ്യം മുതല്‍ തന്നെ ലഭിച്ചു തുടങ്ങുമെന്ന് പി. എച്ച്. റാവു അറിയിച്ചു. അപൂര്‍വം ചില ഉള്‍പ്രദേശങ്ങളൊഴിച്ച് സംസ്ഥാനമാകെ എയര്‍ടെല്‍ മൊബൈല്‍ ലഭ്യമാകും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബേസ് സ്റേഷനുകളും ടവറുകളും ഉളള മൊബൈല്‍ കമ്പനിയാണ് ഭാരതിയെന്ന് കമ്പനി അവകാശപ്പെടുന്നു. അതുകൊണ്ട് ഏറ്റവും കൂടുതല്‍ കവറേജ് എയര്‍ടെല്ലിന് കിട്ടും.
മൊബൈല്‍ ഫ്രീക്വന്‍സിയിലും എയര്‍ടെല്ലിന് നിലവിലുളള സെല്‍ കണക്ഷനുകളെക്കാള്‍ നിലവാരമുണ്ടെന്ന് റാവു അവകാശപ്പെട്ടു. 1,800 മെഗാഹെട്സ് ഫ്രീക്വന്‍സി നല്‍കുന്ന കേരളത്തിലെ ആദ്യ സെല്‍ ഓപ്പറേറ്ററാണ് എയര്‍ടെല്‍- അദ്ദേഹം പറയുന്നു.
900 മെഗാഹെട്സാണ് നിലവിലുളള സെല്‍ കണക്ഷന്റെ ഫ്രീക്വന്‍സി. ഇതിന് നേരെ ഇരട്ടി എയര്‍ടെല്‍ നല്‍കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ശബ്ദവ്യക്തത ലഭിക്കും. ഇത് വിപണിയില്‍ എയര്‍ടെല്ലിന് മുന്‍തൂക്കം നല്‍കും.
32 കിലോബൈറ്റ്സ് സിംകാര്‍ഡുകളും ആദ്യ ദിവസം തന്നെ പുറത്തിറക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. 16 കിലോബൈറ്റ്സ് സിം കാര്‍ഡുകളാണ് ഇപ്പോഴുളള കമ്പനികള്‍ നല്‍കുന്നത്. ഗെയിമുകള്‍, മള്‍ട്ടിമീഡിയ സന്ദേശങ്ങള്‍ എന്നിവയ്ക്കും എയര്‍ടെല്‍ സിംകാര്‍ഡില്‍ സൗകര്യമുണ്ടായിരിക്കും.
ഫ്രീക്വന്‍സി കൂടുതലായതിനാല്‍ നിലവിലുളള പല ഹാന്‍ഡ്സെറ്റുകളിലും എയര്‍ടെല്‍ ഉപയോഗിക്കാനാകില്ലെന്നത് ന്യുനതയാണ്. ഡ്യുവല്‍ ബാന്‍ഡ് ഹാന്‍ഡ്സെറ്റുകളാണ് എയര്‍ടെല്‍ കണക്ഷന് അഭികാമ്യം.












Click it and Unblock the Notifications