ഹവാല: മുംബൈയിലെ വ്യവസായിക്കും പങ്ക്
മുംബൈ: മുംബൈയില്‍ നിന്ന് 336 കോടി രൂപ കേരളത്തിലെത്തിയ കേസില്‍ മുംബൈയിലെ ഒരു വ്യവസായി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
കേരളത്തിലേക്ക് പണമൊഴുക്കിയതിലെ പ്രധാന കണ്ണി സി. സുരേന്ദ്രനുമായി ഈ വ്യവസായിക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
വ്യവസായിയുടെ ചില ബാങ്ക് അക്കൗണ്ടുകള്‍ അന്വേണഷ ണ സംഘം പരിശോധിച്ചിട്ടുണ്ട്. മുംബൈയിലെ രണ്ട് ബാങ്കുകളിലായി ചില സ്ഥാപനങ്ങളുടെ പേരിലുള്ള അക്കൗണ്ടുകളില്‍ 130 കോടിയുടെ നിക്ഷേപമാണുള്ളത്. സീഫുഡ് വില്പന നടത്തുന്ന സ്ഥാപനങ്ങളുടെ പേരിലാണ് അക്കൗണ്ട്. സുരേന്ദ്രനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബിനേഷ് മാത്യു, ഒമര്‍ ഇസ്മാലി ഷെയ്ക്, അഹമ്മദ് അസ്ഗര്‍ അന്‍സാരി എന്നിവരുടെ പേരുകളും ഈ അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസിന് (അന്വേഷണം) അന്വേഷണ സംഘം മേധാവി നല്‍കിയ റിപ്പോര്‍ട്ടില്‍ സുരേന്ദ്രനും ഈ വ്യവസായിയും തമ്മിലുള്ള ബന്ധം ചികഞ്ഞുപരിശോധിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ കുറിച്ച് പറയുന്നുണ്ട്.
മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന മറ്റൊരു കേസിലും സുരേന്ദ്രന്‍ പ്രതിയായിരുന്നു.


Click it and Unblock the Notifications