മന്ത്രി തോമസിനെതിരെ മറ്റൊരു ഹര്‍ജി കൂടി
തൃശൂര്‍: വിനോദസഞ്ചാര-ഫിഷറീസ് മന്ത്രി കെ. വി. തോമസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് വിജിലന്‍സ് കോടതിയില്‍ മറ്റൊരു ഹര്‍ജി കൂടി സമര്‍പ്പിച്ചു.
ബിജു സി. വള്ളവനാടനാണ് വിജിലന്‍സ് എന്‍ക്വയറി കമ്മിഷണറും പ്രത്യേക ജഡ്ജിയുമായ എസ്. സതീനാഥന്‍ മുമ്പാകെ പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച തോമസിന് 20 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. നേരത്തെ കെ. വി. ജോബ് സമര്‍പ്പിച്ച ഹര്‍ജിയിലും തോമസിന് 20 കോടിയുടെ സമ്പാദ്യമുണ്ടെന്നാണ് ആരോപണം.
ഇരുഹര്‍ജി മേലും വിജിലന്‍സ് പ്രോസിക്യൂട്ടറുടെ അഭിപ്രായം ജൂലായ് രണ്ടിന് വിജിലന്‍സ് കോടതി കേള്‍ക്കും.
ഒരു പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന തോമസിന് കുടുംബപരമായുള്ള സ്വത്തും എം പി എന്ന നിലയിലും കോളജ് അധ്യാപകനെന്ന നിലയിലും പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സമ്പാദ്യവും കണക്കിലെടുത്താല്‍ 20 ലക്ഷം രൂപയുടെ വരുമാനം മാത്രമേ ഉണ്ടാവാനിടയുള്ളൂവെന്ന് ജോബ് നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 20 കോടിയുടെ സമ്പാദ്യമാണ് അദ്ദേഹത്തിന് ഇപ്പോഴുള്ളത്.
എറണാകുളത്ത് തോപ്പുംപടിയില്‍ തോമസിന് രണ്ട് വീടുകളുണ്ട്. അതില്‍ പഴയ ഒരു വീട് ഈയിടെ മോടിപിടിപ്പിച്ചതിന് ചെലവിട്ടത് 65 ലക്ഷമാണ്. വീട് മോടി പിടിപ്പിക്കുന്നതിനായി കാട്ടില്‍ നിന്നും നിയമവിരുദ്ധമായി തേക്ക്മരം സീ ഫുഡ് കയറ്റുമതി എന്ന സ്റിക്കര്‍ ഒട്ടിച്ച വാഹനങ്ങളിലാണ് കൊണ്ടുവന്നത്. ഈ വീടിനടുത്തു തന്നെ 55 ലക്ഷം വിലവരുന്ന മറ്റൊരു കെട്ടിടവും തോമസിനുണ്ട്.
1996ല്‍ തോമസിന്റെ മകളുടെ വിവാഹത്തിന് 450 പവന്‍ സ്വര്‍ണവും 25 ലക്ഷവും ഏഴര ലക്ഷം വില വരുന്ന ഒരു കാറുമാണ് സ്ത്രീധനമായി നല്‍കിയത്. എം പിയായിരുന്നപ്പോള്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്തതില്‍ കള്ളം കാണിച്ച് തോമസ് പണം വെട്ടിച്ചിട്ടുണ്ട്.
തോപ്പുംപടിയിലെ വിവാദമായ പാലത്തിന് ചുങ്കം പിരിക്കാനായി കരാര്‍ നല്‍കിയത് മഹാരാഷ്ട്രയില്‍ രജിസ്റര്‍ ചെയ്ത ഒരു കമ്പനിക്കാണ്. ഈ കമ്പനി യഥാര്‍ഥത്തില്‍ തോമസിന്റെ മകന്റെ പേരിലുള്ളതാണ്.
വളരെ ആധുനിക രീതിയിലുള്ള ഒരു കോടി വില വരുന്ന മൂന്ന് ഫിഷിംഗ് ബോട്ടുകള്‍ തോമസ് വാങ്ങിയിട്ടുണ്ട്. ഈ ബോട്ടുകള്‍ തോമസിന്റെ ഭാര്യ ഷേര്‍ലിയുടെ പേരിലാണ്.
അന്തര്‍ദേശീയ ഇനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു കമ്പനി ഷേര്‍ലിയും മൂത്ത മകന്റെ ഭാര്യയും ചേര്‍ത്ത് നടത്തുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇത് ഒരു വ്യാജ കമ്പനിയാണ്. ആര്‍ കെ ഒബ്റോയി ഗ്രൂപ്പില്‍ നിന്നും 80 ലക്ഷം രൂപയാണ് ഈയിടെ കമ്പനിയുടെ അക്കൗണ്ടില്‍ വന്നത്.
തോമസിനെതിരെ കേസെടുക്കുകയും അടിയന്തിരമായി അദ്ദേഹത്തിന്റെ വസ്തുവകകളില്‍ റെയ്ഡ് നടത്തുകയും ചെയ്തില്ലെങ്കില്‍ ഗൂഢാലോചന നടത്തി തെളിവ് നശിപ്പിക്കാനും അതുവഴി നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനും സാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications