അധിക ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും
തിരുവനന്തപുരം : അധികമാണെന്നു കണ്ടെത്തിയ തസ്തികകളില്‍ 3048 എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുനര്‍വിന്യസിക്കുമെന്ന് ആന്റണി.
നിയമസഭയുടെ ചോദ്യോത്തര വേളയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
22 വകുപ്പുകളിലായി ഇപ്പോള്‍ 14,833 ജീവനക്കാര്‍ കൂടുതലുണ്ടെന്ന് അധിക ജീവനക്കാരെ കണ്ടെത്തുന്നതിന് നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. ഇതില്‍ നിന്നാണ് 3048 തസ്തിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നത്.
ഫയല്‍ നീങ്ങാനുളള കാലതാമസം ഒഴിവാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള ക്രമീകരണങ്ങള്‍ സെപ്തംബറില്‍ പൂര്‍ത്തിയാകും. സ്വയംഭരണ സ്ഥാപനങ്ങളിലെ ക്രമവിരുദ്ധ നിയമനങ്ങള്‍ പൂര്‍ണമായും തടയുന്നതിന് നിയമ നിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാര്യമായ ജോലിയൊന്നുമില്ലാതെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ആയിരക്കണക്കിനുണ്ട്. ഇതില്‍ പി. എസ്. സി വഴി നിയമനം ലഭിച്ച ഒരാളെപ്പോലും പിരിച്ചു വിടില്ലെന്നും ഇവരെ വേണ്ടത്ര ജീവനക്കാരില്ലാത്ത വകുപ്പുകളിലേയ്ക്ക് പരിഗണിക്കുമെന്നും ആന്റണി അറിയിച്ചു. ജീവനക്കാരുടെ ആശങ്കകള്‍ പരിഗണിച്ചായിരിക്കും നടപടി.
അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുതിയ തസ്തികകള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. പി. എസ്. സി മെമ്മോ കിട്ടിയവര്‍ക്കെല്ലാം നിയമനം കിട്ടുമെങ്കിലും അല്‍പം കാത്തിരിക്കേണ്ടിവരും. പുനര്‍വിന്യാസത്തിനുളള നടപടികളും എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു.












Click it and Unblock the Notifications