ഗോധ്രയില്‍ ബോഗി കത്തിച്ചത് ഉളളില്‍ നിന്ന്
അഹമ്മദാബാദ് : ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീവച്ചത് ബോഗിയ്ക്കുളളില്‍ നിന്നായിരുന്നെന്ന് ഫോറന്‍സിക് അന്വേഷണ റിപ്പോര്‍ട്ട്.
തീവണ്ടിയുടെ എസ് - ആറ് ബോഗിയ്ക്കുളളില്‍ നിന്നാണ് തീപടര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വണ്ടി തടഞ്ഞു നിര്‍ത്തിയ ജനക്കൂട്ടം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് കോച്ച് കത്തിക്കുകയായിരുന്നെന്ന പൊലീസ് കണ്ടെത്തലിനെ ചോദ്യം ചെയ്യുന്നതാണ് ഈ റിപ്പോര്‍ട്ട്.
ആയിരക്കണക്കിനാളുകളുടെ മരണത്തിന് കാരണമായ ഗുജറാത്ത് കലാപത്തിന് തുടക്കമിട്ടത് ഗോധ്രയിലെ തീവണ്ടി കത്തിക്കലാണ്. 2002 ഫെബ്രുവരി 27 ബുധനാഴ്ച രാവിലെ എട്ടു മണിയ്ക്കായിരുന്നു സംഭവം. 59 യാത്രക്കാര്‍ സംഭവത്തില്‍ വെന്തു മരിച്ചു. അയോദ്ധ്യയില്‍ നിന്നും മടങ്ങിയ കര്‍സേവകരാണ് മരിച്ചവരില്‍ ഭൂരിപക്ഷവും.
ജനക്കൂട്ടം തീവണ്ടി തടഞ്ഞു നിര്‍ത്തി കല്ലേറു നടത്തി എന്നത് ഫോറന്‍സിക് സംഘം നിഷേധിയ്ക്കുന്നില്ല. എന്നാല്‍ തറ നിരപ്പില്‍ നിന്നും ഏഴടിയോളം ഉയരത്തിലുളള ബോഗികളില്‍ ബക്കറ്റിലോ മറ്റോ മണ്ണെണ്ണയോ പെട്രോളോ കോരി ഒഴിക്കുക എന്നത് അസാധ്യമാണെന്നാണ് സംഘത്തിന്റെ നിഗമനം.
സംഭവത്തെ അതേ പടി പുനരാവിഷ്ക്കരിച്ചാണ് അന്വേഷണ സംഘം തങ്ങളുടെ നിഗമനത്തിലെത്തിയത്. ട്രാക്കില്‍ നിന്നും 14 അടി മാറി മൂന്നടി ഉയരത്തില്‍ നിന്നും ബോഗികള്‍ക്കു നേരെ വെളളം കോരിയൊഴിച്ചായിരുന്നു പരീക്ഷണം. ഒഴിച്ചതിന്റെ 10 മുതല്‍ 15 ശതമാനം വരെ മാത്രമാണ് ജനാല വഴി അകത്തു വീണത്.
പെട്ടെന്ന് തീപിടിക്കുന്ന ദ്രാവകം 60 ലിറ്ററെങ്കിലും ഉപയോഗിച്ചാണ് ബോഗി കത്തിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ ഇത്രയും അളവില്‍ ഇത് പുറത്തു നിന്ന് കോരിയൊഴിയ്ക്കാന്‍ കഴിയില്ലെന്നാണ് ഫോറന്‍സിക് അസിസ്റന്റ് ഡയറക്ടര്‍ ഡോ. എം. എസ്. ദാഹിയയുടെ അഭിപ്രായം.
എസ്- ആറ് ബോഗിയുടെ താഴത്തെ പകുതിയില്‍ തീപിടിത്തത്തിന്റെ പാടുകള്‍ കാണാത്തതും ഈ സംശയം ശരിവയ്ക്കുന്നു. ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ് ഗോധ്ര സംഭവമെന്ന ആരോപണത്തിന് ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടുതല്‍ ശക്തി നല്‍കുകയാണ്. ആരാണ് ബോഗിയ്ക്കുളളില്‍ നിന്നും തീവച്ചത് എന്നറിയാല്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഫോറന്‍സിക ്സംഘം പറയുന്നു.












Click it and Unblock the Notifications