എയര്‍ടെല്‍ മൊബൈല്‍ വ്യാഴാഴ്ച മുതല്‍
തിരുവനന്തപുരം : കേരളത്തിലെ മൂന്നാമത്തെ സെല്‍ഫോണ്‍ സര്‍വീസായ എയര്‍ടെല്‍ ജൂലായ് നാല് വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
കേരളത്തിലെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ കടുത്ത മത്സരമാണ് ഇതോടെ ഉണ്ടാകുന്നത്. എസ്കോട്ടല്‍, ബി പി എല്‍ എന്നിവയാണ് ഇപ്പോഴുളള സെല്‍ കമ്പനികള്‍. ആഗസ്റോടെ ബി എസ് എന്‍ എല്‍ മൊബൈലും എത്തുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
എയര്‍ടെല്‍ മൊബൈല്‍ തുടങ്ങാന്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി കമ്പനി കേരള ഘടകത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ടി. ഇളങ്കോ അറിയിച്ചു.
പുതിയ മൊബൈല്‍ ഫോണ്‍ കമ്പനി കൂടി എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. എസ്കോട്ടലിന് 2.23 ലക്ഷവും ബി. പി. എല്ലിന് 1.63 ലക്ഷവും ഉപഭോക്താക്കളുണ്ട്. ഇവര്‍ക്കിടയിലേയ്ക്കാണ് എയര്‍ടെല്ലിന് കടന്നു കയറേണ്ടത്.
പുതിയ കമ്പനികള്‍ രംഗത്തെത്തുന്നത് വ്യവസായത്തിന് ഗുണകരമാണെന്ന് എസ്കോട്ടല്‍ വൃത്തങ്ങള്‍ പറയുന്നു. കൂടുതല്‍ കമ്പനികള്‍ വരുന്നതോടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും അത് വ്യവസായവികസനത്തിന് കാരണമാകുമെന്നും അവര്‍ പറയുന്നു.
ഫോണ്‍ നിരക്ക് സംബന്ധിച്ച വിവരങ്ങളൊന്നും എയര്‍ടെല്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എങ്കിലും നിലവിലുളള കമ്പനികള്‍ ഈടാക്കുന്ന നിരക്കുകളില്‍ നിന്നും വലിയ വ്യത്യാസമൊന്നും വരാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ഭാരതിയുടെ നിരക്കുകള്‍ എസ്കോട്ടലും ബി. പി. എല്ലും ഈടാക്കുന്നതിന് സമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വന്‍തോതിലുളള ഇളവുകള്‍ക്ക് എയര്‍ടെല്‍ തയ്യാറാകില്ലെന്ന് ബിപിഎല്ലും എസ്കോട്ടലും വിശ്വസിക്കുന്നു. പ്രവര്‍ത്തനച്ചെലവുകള്‍ പരിഗണിച്ചാല്‍ ഇപ്പോഴുളള നിരക്കുകളില്‍ ഇളവു നല്‍കി കൂടുതല്‍ കാലം പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് അവരുടെ പക്ഷം.
എന്നാല്‍ കൂടുതല്‍ ഗുണമേന്മയുളള സേവനം ഉറപ്പു വരുത്തി ഉപഭോക്താക്കളെ കൈക്കലാക്കാനാണ് ബി എസ് എന്‍ എല്ലിന്റെ ശ്രമം. ആഗസ്റില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബി എസ് എന്‍ എല്‍ മൊബൈല്‍ എല്ലാ ഉള്‍നാടന്‍ ഗ്രാമങ്ങളിലും ലഭ്യമാകുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
ബിസിനസിനു പുറമെ സാമൂഹിക പ്രതിബദ്ധതയും തങ്ങള്‍ക്കുണ്ടെന്നാണ് ബി എസ് എന്‍ എല്ലിന്റെ അവകാശ വാദം.












Click it and Unblock the Notifications