Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ മുദ്രപ്പത്ര സംഘം സംസ്ഥാനത്ത് സജീവം

തിരുവനന്തപുരം : കേരളത്തില്‍ വ്യാജ മുദ്രപ്പത്ര റാക്കറ്റ് സജീവമെന്ന് പൂനെ പൊലീസ്. ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് അന്യ സംസ്ഥാനത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നു.

10,000 കോടി രൂപയുടെ വ്യാജ മുദ്രപ്പത്ര ഇടപാടു നടത്തിയ അബ്ദുള്‍ കരീം ടെല്‍ഗി റാക്കറ്റിന്റെ പ്രവര്‍ത്തനം കേരളത്തിലും സജീവമാണെന്നാണ് പുനെ പൊലീസിന്റെ നിഗമനം.

വിശ്വസനീയമായ വിവരങ്ങള്‍ ഈ റാക്കറ്റിനെക്കുറിച്ച് നല്‍കിയിട്ടും കേരളത്തില്‍ ഇത്തരം മുദ്രപ്പത്രങ്ങള്‍ പ്രചരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

മുദ്രപ്പത്രങ്ങളുടെയും സ്റാമ്പുകളുടെയും വിശ്വാസ്യത ഉറപ്പു വരുത്തണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ ഇതേ വരെ തയ്യാറായിട്ടില്ല.

അബ്ദുള്‍ കരീം ടെല്‍ഗി സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള അന്വേഷണത്തിന്റെ ചുമതലയുളള പൂനെ അഡീഷണല്‍ പൊലീസ് കമ്മിഷണര്‍ (ക്രൈം) എസ്. എം. മുഷ്റിഫ് ആണ് കേരളാ പൊലീസിന് ഇതു സംബന്ധിച്ച വിവരം നല്‍കിയത്. സംഘം ഉപയോഗിച്ച കമ്പ്യൂട്ടര്‍ പ്രിന്റ്ഔട്ടുകള്‍, ഫ്ലോപ്പികള്‍, മറ്റു തെളിവുകള്‍ എന്നിവയും തെളിവുകളായി കൈമാറിയിട്ടുണ്ട്.

അന്വേഷണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര പോലുളള സംസ്ഥാനങ്ങളില്‍ സംഘം പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നും എന്നാല്‍ കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ ഇപ്പോഴും സജീവമാണെന്നും മുഷ്റിഫ് പറയുന്നു.

പൂനെ പൊലീസിന്റെ മുന്നറിയിപ്പു കിട്ടിയ ഉടനെ തമിഴ്നാട് പൊലീസ് പ്രശ്നം സജീവമായി പരിഗണിച്ചു. തമിഴ്നാട് പൊലീസിന്റെ ഉന്നത തല സംഘം കേരളത്തിലെത്തി കേരളാ സ്റാമ്പ് നിയമങ്ങള്‍ അനുസരിച്ചുളള വിവരങ്ങള്‍ ശേഖരിച്ചു മടങ്ങി.

രജിസ്ടേഷന്‍ വകുപ്പ് ഐജിയുടെ ഓഫീസിലെത്തിയാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചത്. പരാതിയൊന്നും കിട്ടാത്തതിനാല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് കേരളത്തിലെ രജിസ്ട്രേഷന്‍ വകുപ്പ്. സംഘത്തിന്റെ ഇടപെടല്‍ മൂലമാണ് ഈ തണുത്ത നിലപാടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

10,000 രൂപ വരെയുളള മുദ്രപ്പത്രങ്ങള്‍ വില്‍ക്കുന്നതിന് അധികാരമുളള 600 അംഗീകൃത ആധാരമെഴുത്തുകാര്‍ കേരളത്തിലുണ്ട്. 10,000ത്തിനു മുകളിലുളള സ്റാമ്പുകളും മുദ്രപ്പത്രങ്ങളും സബ്ട്രഷറി വഴിയാണ് വില്‍ക്കുന്നത്.

ആധാരങ്ങളുടെ പരിശോധനാ വേളയില്‍ സ്റാമ്പുകളുടെയും മുദ്രപ്പത്രങ്ങളുടെയും മൂല്യം മാത്രമാണ് സബ് രജിസ്ട്രാര്‍ പരിശോധിക്കുന്നത്. ഇവയുടെ ആധികാരികത പരിശോധിക്കാന്‍ ഒരു സംവിധാനവും ഇപ്പോള്‍ നിലവിലില്ല.

കേരളത്തിനു പുറമെ മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട്, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, ദില്ലി, ആന്ധ്ര, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും ഈ റാക്കറ്റ് ശക്തമാണ്. മുന്‍കരുതല്‍ നടപടിയെന്നോണം സ്വകാര്യ വ്യക്തികള്‍ മുദ്രപ്പത്രങ്ങളും സ്റാമ്പുകളും വില്‍ക്കുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചു.

വ്യാജ മുദ്രപ്പത്ര സംഘത്തിന്റെ തലവനായ അബ്ദുള്‍ കരീം ടെല്‍ഗി കര്‍ണാടകത്തിലെ ജയിലിലായത് മഹാരാഷ്ട്രാ പൊലീസിന്റെ അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ക്രിമിനല്‍ നിയമം 268 അനുസരിച്ച് കുറ്റവാളിയെ മറ്റൊരു സംസ്ഥാനത്തിന് കൈമാറ്റം ചെയ്യാനാവില്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. ടെല്‍ഗിയ്ക്കെതിരെ മഹാരാഷ്ട്രയില്‍ 31 കേസുകള്‍ കെട്ടിക്കിടക്കുന്നത് ചുണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് മഹാരാഷ്ട്രാ പൊലീസിന്റെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+