ഏഷ്യാനെറ്റും ഓഹരി വില്‍ക്കുന്നു
തിരുവനന്തപുരം : സ്റാര്‍ ടിവിയ്ക്കു പിന്നാലെ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സും 20 ശതമാനം ഓഹരി വില്‍ക്കുന്നു.
(ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനലുമായി ഈ കമ്പനിയ്ക്ക് ബന്ധമില്ല)
അടുത്ത ആറു മാസത്തിനുളളില്‍ 150 മുതല്‍ 200 കോടി രൂപ വരെ ഓഹരി വില്‍പനയിലൂടെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രഹേജ വ്യവസായ ഗ്രൂപ്പിന്റെ കൈവശമാണ് കമ്പനിയുടെ 100 ശതമാനം ഓഹരികളും.
ഓഹരി വില്‍ക്കുന്നത് സംബന്ധിച്ച് ആഗോള നിക്ഷേപകരുമായി ആദ്യ വട്ട ചര്‍ച്ച നടന്നു. സിങ്കപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നും അനുകൂലമായ പ്രതികരണങ്ങള്‍ ലഭിച്ചതായി കമ്പനി വക്താക്കള്‍ അറിയിച്ചു.
നിലവിലുളള പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ഓഹരി വിറ്റു കിട്ടുന്ന പണം ഉപയോഗിക്കുക എന്ന് ഫിനാന്‍സ് സീനിയര്‍ ജനറല്‍ മാനേജര്‍ ആര്‍. മഹേഷ് കുമാര്‍ പറയുന്നു. നെറ്റ് വര്‍ക്ക് ജോലികള്‍ പൂര്‍ത്തിയാക്കുക, കൊച്ചിയില്‍ കേന്ദ്രീകൃത ഹബ് സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
75 കോടി രൂപ ഓഹരി മൂലധനമുള്ള കമ്പനി മാര്‍ച്ച് 2002 വരെ 300 കോടിയോളം രൂപ ചെലവിട്ടാണ് കേബിള്‍ ശൃുംഘല സ്ഥാപിച്ചത്. ഐ ഡി എഫ് സി, ഐ എല്‍ ആന്‍ഡ് എഫ് എസ് , എച്ഛ് ഡി എഫ് സി എന്നീ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയായാണ് ഇതിന് പണം കണ്ടെത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 60 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പലിശ ഒഴിവാക്കിയാല്‍ ലാഭവും നേടിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം കമ്പനി 120 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിയ്ക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഏഷ്യാനെറ്റ് നൂറ് ശതമാനം വളര്‍ച്ചയാണ് നേടിയത്. 1999 ല്‍ ഒരുലക്ഷമായിരുന്ന കേബിള്‍ കണക്ഷന്‍ ഇപ്പോള്‍ അഞ്ചുലക്ഷമാണ്. ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ കേബിള്‍ ശൃംഖലയാണ് ഏഷ്യാനെറ്റ്. എല്ലാ വരിക്കാരുമായും നേരിട്ട് ബന്ധമുണ്ടെന്നതാണ് ഈ കേബിള്‍ കമ്പനിയുടെ പ്രത്യേകത.
വൈദ്യതി പോസ്റില്‍ കൂടെ കേബിള്‍ വലിയ്ക്കാനായി അനുമതിയുള്ള ഇന്ത്യയിലെ ഏക കേബിള്‍ കമ്പനിയും ഏഷ്യാനെറ്റ് തന്നെ.
കേരളത്തിലുടനീളം ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഇടാനുള്ള അനുമതിയും കമ്പനിയ്ക്കുണ്ട്. ഇതിനകം 1000 കിലോമീറ്റര്‍ ദൂരം കേബിള്‍ ഇട്ടുകഴിഞ്ഞു. കൊച്ചി കേന്ദ്രമാക്കി വികസിയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കേബിള്‍ വഴി ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്ന ഏഷ്യാനെറ്റിന് 2500ലേറെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉണ്ട്.












Click it and Unblock the Notifications