സമ്മാനത്തുക കൊണ്ട് പാവങ്ങള്‍ക്കൊരു സ്ക്കൂള്‍
കണ്ണൂര്‍ : സമ്മാനത്തുക കൊണ്ട് പാവപ്പെട്ടവര്‍ക്കു വേണ്ടി സ്ക്കൂള്‍ സ്ഥാപിക്കുമെന്ന് പ്ലേവിന്‍ ജേതാവ്.
അഞ്ചു കോടിയുടെ പ്ലേവിന്‍ ജാക്ക്പോട്ട് ലഭിച്ച കണ്ണൂരിലെ ബെന്‍സ് രാജിന്റേതാണ് ഈ ആഗ്രഹം. പ്ലേവിന്‍ ഉടമസ്ഥരായ എസ്സെല്‍ എന്റര്‍ടെയിന്‍മെന്റ് ഗ്രൂപ്പ് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബെന്‍സ് രാജ്.
തനിക്ക് 10-ാം ക്ലാസിനപ്പുറം പഠിക്കാന്‍ സാധിച്ചില്ലെന്ന് ബെന്‍സ് രാജ് പറഞ്ഞു. അതുകൊണ്ട് പാവപ്പെട്ട കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതു വരെ പഠിക്കാനുളള സൗകര്യം ഒരുക്കാന്‍ ഈ സമ്മാനത്തുക വിനിയോഗിക്കും.
കാര്‍ വാങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് ബെന്‍സ് രാജിന്റെ മറുപടി ഇതായിരുന്നു, അതിനെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. ഒരു സൈക്കില്‍ വാങ്ങാന്‍ പോലും ഗതിയില്ലാത്തവനായിരുന്നു ഞാന്‍
പ്ലേവിന്‍ ഭാഗ്യം താന്‍ നേരത്തെയും പരീക്ഷിച്ചിട്ടുണ്ടെന്ന് ബെന്‍സ് രാജ് പറഞ്ഞു. എന്നാല്‍ സമ്മാനം കിട്ടിയ ടിക്കറ്റിന്റെ നമ്പര്‍ തിരഞ്ഞെടുത്തത് മറ്റൊരാളായിരുന്നു. ആദ്യമായാണ് മറ്റൊരാള്‍ തിരഞ്ഞെടുത്ത നമ്പരില്‍ ഭാഗ്യം പരീക്ഷിച്ചത്. അപ്പോള്‍ കിട്ടിയത് അഞ്ചു കോടി 20 ലക്ഷം രൂപ.
പേപ്പര്‍ ലോട്ടറിയോട് പുറം തിരിഞ്ഞു നില്‍ക്കുന്ന ഉയര്‍ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് തങ്ങള്‍ പ്ലേവിന്‍ ലോട്ടറി ആരംഭിച്ചതെന്ന് ഇന്‍ഫ്രാവെസ്റ് വക്താവ് ഗൗതം മഖാരിയ പറഞ്ഞു. ഇതേവരെ ഉപയോഗപ്പെടുത്താത്ത ഭാഗ്യവിപണി ചൂഷണം ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യം.
നാലുപേര്‍ക്ക് ഒരുമിച്ച് ജാക്ക്പോട്ട് കിട്ടിയ ശേഷം കേരളത്തിലെ പ്ലേവിന്‍ വില്‍പന 16 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മഖാരിയ പറഞ്ഞു. ഇതുവരെ 100 കോടി രൂപയാണ് പ്ലേവിന്‍ ഇന്‍ഫ്രാവെസ്റ് കമ്പനിയുടെ ലാഭം.
കര്‍ണാടക, മഹാരാഷ്ട്ര, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ സൂപ്പര്‍ ലോട്ടോ ലോട്ടറി നടത്താന്‍ എസ്സെല്‍ ഗ്രൂപ്പിന് അനുമതി നല്‍കിയെന്നും മഖാരിയ വെളിപ്പെടുത്തി.
ഏഴു വര്‍ഷം കൊണ്ട് 780 കോടി സിക്കിം സര്‍ക്കാരിന് നല്‍കാമെന്നാണ് എസ്സെല്‍ ഗ്രൂപ്പിന്റെ കരാര്‍. അഞ്ചു വര്‍ഷം കൊണ്ട് കര്‍ണാടക സര്‍ക്കാരിന് 1,100 കോടിയും 10 വര്‍ഷം കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന് 5,160 കോടിയും നല്‍കുമെന്നതാണ് ഈ സര്‍ക്കാരുകളുമായി ഉണ്ടാക്കിയിട്ടുളള കരാറെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications