തര്‍ക്കം തുടരുന്നു, പ്രായവും പ്രശ്നം
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഐ ഗ്രൂപ്പും മൂന്നാം ഗ്രൂപ്പും തമ്മില്‍ പോര് മുറുകുന്നു.
പരമ്പരാഗതമായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം തങ്ങളുടെ വകയാണെന്നാണ് കരുണാകരന്‍ ഗ്രൂപ്പിന്റെ വാദം. ഐ ഗ്രൂപ്പുകാരനെന്ന നിലയിലാണ് മുന്‍ പ്രസിഡന്റ് കെ. സി. വേണുഗോപാലിന് ആ സ്ഥാനം കിട്ടിയതെന്നും അതിനാല്‍ തുടര്‍ന്നും അത് ഗ്രൂപ്പിന് തന്നെ ലഭിക്കണമെന്നുമുളള കടുത്ത നിലപാടിലാണ് കരുണാകരന്‍. പുനസംഘടനാ ചര്‍ച്ചയില്‍ ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച വി. എസ്. ശിവകുമാര്‍ എം. പി., ഇ. എം. ആഗസ്തി എം. എല്‍. എ. എന്നിവര്‍ ശക്തമായിത്തന്നെ ഈ ആവശ്യം ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ പിരിച്ചു വിടപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തങ്ങളുടെ ഗ്രൂപ്പുകാരനായതിനാല്‍ ആ സ്ഥാനം തങ്ങള്‍ക്ക് കിട്ടണമെന്നാണ് മൂന്നാം ഗ്രൂപ്പിന്റെ ആവശ്യം. കരുണാകരന്റെ പിടിവാശിയ്ക്കു മുന്നില്‍ ഇക്കുറി കീഴടങ്ങില്ലെന്ന് മൂന്നാം ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല പരസ്യമായി പ്രതികരിക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് എ ഗ്രൂപ്പും നാലാം ഗ്രൂപ്പും വ്യക്തമാക്കിയിട്ടുണ്ട്. കെ. എസ്. യു. പ്രസിഡന്റ് സ്ഥാനത്തേയ്ക്കാണ് അവരുടെ നോട്ടം.
അതിനിടെ യൂത്ത് കോണ്‍ഗ്രസ്, കെ. എസ്. യു. നേതാക്കളുടെ പ്രായപരിധി സംബന്ധിച്ചുളള തര്‍ക്കവും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചിരി പരത്തിയിട്ടുണ്ട്. ഈ സംഘടനകളുടെ നേതാക്കളുടെ പ്രായപരിധി 35 ആയിരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. അതില്‍ ഒരു കാരണവശാലും ഇളവ് നല്‍കില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പ്രായപരിധി പറഞ്ഞ് ആരെയും ഒഴിവാക്കരുതെന്ന് കരുണാകരന്‍ ആവശ്യപ്പെടുന്നു. ഉമ്മന്‍ചാണ്ടിയും ഈ അഭിപ്രായക്കാരനാണ്. എന്നാല്‍ ഇളവ് ഏതുവരെ ആകാമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
പ്രായപരിധി എന്ന നിര്‍ദ്ദേശത്തെ കെ. മുരളീധരനും എതിര്‍ക്കുന്നില്ല. ഇളവ് നല്‍കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഏതായാലും തര്‍ക്കം എത്രയും വേഗം തീര്‍ത്ത് ജൂലായ് അവസാനത്തോടെ ഭാരവാഹികളെ തീരുമാനിക്കുമെന്ന് മുരളീധരന്‍ അറിയിച്ചു.












Click it and Unblock the Notifications