കേരള യൂണി. ഓണ്‍ലൈന്‍ കോഴ്സ് തുടങ്ങുന്നു
തിരുവനന്തപുരം : കേരള സര്‍വകലാശാല ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിയ്ക്കുന്നു. സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പുതിയ സംരംഭം.
വെബ് സാങ്കേതിക വിദ്യയില്‍ ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് ആദ്യം നടത്തുന്നത്. ഇതിന്റെ പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. സര്‍വകലാശാലയുടെ വിദൂര പഠന കേന്ദ്രമാണ് ഈ ക്ലാസുകള്‍ സംഘടിപ്പിയ്ക്കുന്നത. കോഴ്സ് ഫീസ് 75,000 രൂപ.
ജാവാ പ്രോഗ്രാമിംഗ്, ക്ലൈന്റ് സൈഡ് സ്ക്രിപ്റ്റിംഗ്, സെര്‍വര്‍ സൈഡ് സ്ക്രിപ്റ്റിംഗ് എന്നിവ പഠനവിഷയങ്ങളാണ്. അപേക്ഷ സമര്‍പ്പിയ്ക്കേണ്ട അവസാന തീയതി ജൂലായ് 15 ആണ്.
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലാ ബിരുദമുളള ആര്‍ക്കും വെബ് സാങ്കേതിക വിദ്യാ കോഴ്സിന് അപേക്ഷിയ്ക്കാം. ഇന്ത്യാക്കാര്‍ക്കും വിദേശ ഇന്ത്യാക്കാര്‍ക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.
ഇന്റര്‍നെറ്റ് വഴിയാണ് പഠിതാക്കളുമായി ബന്ധപ്പെടുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ഇ-ഗ്രൂപ്പുകളുമായി ചാറ്റിംഗ് ഉണ്ടായിരിക്കും. എല്ലാ പഠനോപകരണങ്ങളും ഓണ്‍-ലൈന്‍ വഴി ലഭ്യമാകും. ക്ലാസുകള്‍ സിഡിയില്‍ ലഭ്യമാകും.
വിദ്യാര്‍ത്ഥികള്‍ക്ക് പാസ് വേഡുകളും തിരിച്ചറിയല്‍ നാമങ്ങളും സര്‍വകലാശാല നല്‍കും. ഇതുപയോഗിച്ചാണ് ഓണ്‍ലൈനില്‍ പഠനോപകരണങ്ങള്‍ ലഭ്യമാകുന്നത്. ലൈബ്രറി സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തനിയെ കണ്ടെത്തണം.
ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്ന രാജ്യത്തെ ഏക സര്‍വകലാശാല കേരളാ സര്‍വകലാശാലയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബി. ഇഖ്ബാല്‍ അവകാശപ്പെടുന്നു. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സര്‍വകലാശാലയുടെ ലക്ഷ്യം.
ബയോ ഇന്‍ഫര്‍മാറ്റിക്സില്‍ ഓണ്‍ലൈന്‍ എം. ഫില്‍. കോഴ്സ് ആരംഭിക്കാനും സര്‍വകലാശാല പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി ചേര്‍ന്നാണ് ഈ കോഴ്സ് നടത്തുന്നത്. ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയുളള ഒരു ഓണ്‍ലൈന്‍ മെഡിക്കല്‍ കോഴ്സിനും പദ്ധതിയുണ്ട്.
സെസ്, അനര്‍ട്ട് മുതലായ സ്ഥാപനങ്ങള്‍ ഇത്തരം കോഴ്സുകള്‍ക്കുളള സഹായവുമായി സമീപിച്ചിട്ടുണ്ടെന്ന് ഡോ. ഇഖ്ബാല്‍ വെളിപ്പെടുത്തി. ജീവശാസ്ത്രം, ഭൗതിക ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ വൈകാതെ ആരംഭിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലയുടെ പ്രധാന വരുമാന മാര്‍ഗമായ വിദൂര പഠനകേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും പദ്ധതിയുണ്ട്. വിര്‍ച്വല്‍ ക്ലാസ് റൂമുകളും വീഡിയോ കോണ്‍ഫറന്‍സ് സൗകര്യവും ഉടന്‍ തന്നെ കാര്യവട്ടത്തെ വിദൂര പഠന കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തുമെന്ന് വൈസ് ചാന്‍സലര്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications