സാബുവിനെ ചോദ്യം ചെയ്യാനായില്ല, ദുരൂഹത ബാക്കി
തിരുവനന്തപുരം : മരണ സമയത്ത് സ്വാമി ശാശ്വതീകാനന്ദയ്ക്കൊപ്പമുണ്ടായിരുന്ന സഹായി സാബുവിനെ ചോദ്യം ചെയ്യാന്‍ വെളളിയാഴ്ചയും ശിവഗിരി മഠം അധികാരികള്‍ പൊലീസിനെ അനുവദിച്ചില്ല.
സ്വാമിയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇനിയും മുക്തനായില്ലെന്ന കാരണം പറഞ്ഞാണ് പൊലീസിനെ മഠം അധികാരികള്‍ ചോദ്യം ചെയ്യലില്‍ നിന്നും വിലക്കിയത്.
അതേസമയം സ്വാമിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ശാശ്വതീകാനന്ദയുടെ അമ്മയും സഹോദരങ്ങളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഭവം കൊലപാതകമാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുളള അജ്ഞാത ടെലിഫോണ്‍ സന്ദേശങ്ങള്‍ തങ്ങള്‍ക്ക് ദിനവും കിട്ടുന്നുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി.
സാബുവിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും പൊലീസിനെ മഠം അധികാരികള്‍ വിലക്കുന്നതും കര്‍മ്മം കൊണ്ട് ശാശ്വതീകാനന്ദയ്ക്ക് ഏറെ ശത്രുക്കള്‍ ഉണ്ടെന്ന മാതാവിന്റെയും സഹോദരങ്ങളുടെയും വെളിപ്പെടുത്തലും ഒട്ടേറെ സംശയങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. ശിവഗിരി മഠവുമായി ബന്ധപ്പെട്ട അധികാരത്തര്‍ക്കങ്ങളുടെ കഥകള്‍ അറിയാവുന്നവരും നന്നായി നീന്താനറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങി മരിച്ചതാണെന്ന കഥ എളുപ്പം വിശ്വസിക്കില്ല.
മനോനില തകര്‍ന്നു എന്നു പറയപ്പെടുന്ന സാബു ഇപ്പോള്‍ എവിടെയാണ് എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തമായ ഉറപ്പൊന്നുമില്ല. ഇയാളെ പാര്‍പ്പിച്ചിരിക്കുന്ന ഇടത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പൊലീസിന് കിട്ടിയത്.
സാബു ഇപ്പോള്‍ ശിവഗിരി മഠത്തിലില്ല, എന്നും കൂത്താട്ടുകുളത്തെ സ്വന്തം വീട്ടിലാണെന്നുമാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. സാബു എവിടെയാണെന്ന് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. മഠത്തിലുളളവര്‍ ആകെ പറയുന്നത് അയാള്‍ ആഘാതത്തില്‍ നിന്നും മുക്തനായില്ലെന്നാണ് അന്വേഷണ ചുമതലയുളള ആലുവ എസ്. ഐ. ബാബുകുമാര്‍ പറയുന്നു.
ആലുവയിലെ അദ്വൈതാശ്രമത്തില്‍ നടക്കുന്ന അനുശോചന സമ്മേളനത്തില്‍ സാബു വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications