അമ്പാനി അന്തരിച്ചു
മുംബെ : റിലയന്‍സ് മേധാവി ധീരുബായി അമ്പാനി അന്തരിച്ചു.
ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം. ജൂണ്‍ 24നുണ്ടായ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ രണ്ടാഴ്ചയായി അദ്ദേഹം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം നാലു മണിയ്ക്ക് ചന്ദന്‍വാഡി ശ്മശാനത്തിലാണ് ശവസംസ്ക്കാരം. അമ്പാനിയുടെ വസതിയായ സീ വിന്‍ഡിലെ കഫെ പരേഡില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഗുജറാത്തിലെ ഒരു സ്ക്കൂള്‍ അദ്ധ്യാപകന്റെ മകനായ ധീരജ്ലാല്‍ ഹീരാചന്ദ് അമ്പാനി 55,000 കോടിയുടെ റിലയന്‍സ് സാമ്രാജ്യം കെട്ടിപ്പെടുത്തതിനു ശേഷമാണ് വിധിയ്ക്കു കീഴടങ്ങിയത്. ഇന്ത്യയിലെ ഇടത്തരക്കാര്‍ക്കിടയില്‍ നിക്ഷേപ സംസ്ക്കാരത്തിന് പ്രചാരം നല്‍കിയതും അമ്പാനിയാണ്.
ഇതു രണ്ടാം തവണയാണ് അമ്പാനിയ്ക്ക് മസ്തിഷ്കാഘാതമുണ്ടാകുന്നത്. 1986ല്‍ ആദ്യത്തെ ആഘാതമുണ്ടായപ്പോള്‍ അദ്ദേഹം ബിസിനസ് ചുമതല മക്കളായ മുകേഷ് അമ്പാനിയെയും അനില്‍ അമ്പാനിയെയും ഏല്‍പ്പിച്ചു.
അമ്പാനിയുടെ മരണം റിലയന്‍സ് ഓഹരി വിലയെ ബാധിയ്ക്കില്ലെന്ന് വിപണി വിദഗ്ദ്ധര്‍ പറയുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ റിലയന്‍സ് ഓഹരിയ്ക്ക് 13 രൂപ കുറഞ്ഞിരുന്നു.












Click it and Unblock the Notifications