കോടതിഫീസ് 10 മടങ്ങ് വര്‍ദ്ധിക്കും
തിരുവനന്തപുരം : ഫീസുകള്‍ വര്‍ദ്ധിപ്പിക്കാനായി കോടതി നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോടതി ഫീസില്‍ ഏതാണ്ട് 10 മടങ്ങ് വര്‍ദ്ധനയാണ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുന്നത്.
ഇതിനായി കേരള കോടതി ഫീസും കേസ് ചെലവുകളും നിയമ ഭേദഗതി ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.
ഫീസുകളില്‍ വന്‍വര്‍ദ്ധനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒറിജിനല്‍ പെറ്റീഷന് ഇപ്പോഴുളള 10 രൂപയില്‍ നിന്നും 100 രൂപയായും റിട്ട് പെറ്റീഷന് 20 രൂപയില്‍ നിന്നും 200 രൂപയായും വര്‍ദ്ധിപ്പിക്കും. കക്ഷികള്‍ക്ക് നോട്ടീസുകളും രേഖകളും എത്തിയ്ക്കുന്നതിന്റെ ചാര്‍ജ് ഈടാക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരം നല്‍കാനും നിര്‍ദ്ദേശമുണ്ട്.
സര്‍ക്കാര്‍ സമര്‍പ്പിയ്ക്കുന്ന അന്യായങ്ങള്‍, അപ്പീലുകള്‍, ഹര്‍ജികള്‍ തുടങ്ങിയ എല്ലാ രേഖകള്‍ക്കും കോര്‍ട്ട് ഫീ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. വരുമാന നികുതി, സ്വത്ത് നികുതി, ട്രിബ്യൂണലുകളുടെ ഹൈക്കോടതി അപ്പീലുകള്‍ക്ക് വീണ്ടും കോടതി ഫീ ഏര്‍പ്പെടുത്തും.
വിദേശത്ത് ഉപയോഗിക്കുന്ന രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുളള ഫീസ് അഞ്ചു രൂപയില്‍ നിന്നും 10 രൂപയാക്കാനും നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications