തിര. കമ്മിഷന്‍ നിര്‍ദ്ദേശം സര്‍വകക്ഷിയോഗം തളളി
ദില്ലി : സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശത്തോടൊപ്പം സ്വത്തു വിവരവും പശ്ചാത്തല വിവരങ്ങളും നല്‍കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം സര്‍വകക്ഷി യോഗം തള്ളി.
കുറ്റവാളികളില്‍ നിന്നും രാഷ്ട്രീയത്തെ മോചിപ്പിക്കുന്നതിന് സുപ്രീംകോടതിയുടെയും തിരഞ്ഞെടുപ്പു കമ്മിഷന്റെയും നിര്‍ദ്ദേശങ്ങളും രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായവും ഉള്‍പ്പെടുത്തി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരാനും യോഗം തീരുമാനിച്ചു.
എന്നാല്‍ തങ്ങളുടെ ഉത്തരവില്‍ മാറ്റമൊന്നുമില്ലെന്നും ജൂലായ് 25 നു നടക്കുന്ന മഹാരാഷ്ട്രയിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഈ നിബന്ധന ബാധകമായിരിക്കുമെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ഇതോടെ തിരഞ്ഞെടുപ്പു കമ്മിഷനും സര്‍ക്കാരും തമ്മില്‍ ഒരു ഏറ്റുമുട്ടലിനുളള സാധ്യത തെളിഞ്ഞിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസയോഗ്യതയും കേസുകളും -സ്വത്തു വിവരവും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്ന വേളയില്‍ വെളിപ്പെടുത്തണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിവാദമായ ഉത്തരവ് വന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ലെന്നാണ് ദില്ലിയില്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗം അഭിപ്രായപ്പെട്ടിരിക്കുന്നത്.
കേന്ദ്ര നിയമമന്ത്രി ജനകൃഷ്ണമൂര്‍ത്തിയാണ് യോഗം വിളിച്ചു ചേര്‍ത്തത്. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാനുളള അധികാരം റിട്ടേണിംഗ് ഓഫീസര്‍ക്കു നല്‍കുന്നത് അധികാര ദുര്‍വിനിയോഗത്തിനും രാഷ്ട്രീയ പകപോക്കലിനും കാരണമാകുമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്ന അഭിപ്രായം.
സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശത്തിന് പ്രസക്തിയില്ലെന്ന് ജനകൃഷ്ണ മൂര്‍ത്തി അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥികളെ സംബന്ധിയ്ക്കുന്ന മുഴുവന്‍ വിവരങ്ങളും ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. സാക്ഷരതാ നിരക്ക് ഉയരുന്നതനുസരിച്ച് ജനപ്രതിനിധികളുടെ വിദ്യാഭ്യാസയോഗ്യതയിലും മാറ്റമുണ്ടാകുമെന്ന് ജനകൃഷ്ണമൂര്‍ത്തി പറഞ്ഞു.
ഒന്നാം ലോക്സഭയില്‍ മെട്രിക്കുലേഷന്‍ യോഗ്യത ഇല്ലാത്ത അംഗങ്ങളുടെ എണ്ണം 25ശതമാനമായിരുന്നു. ഇപ്പോള്‍ അത് 2.4 ശതമാനമായി കുറഞ്ഞ കാര്യവും കേന്ദ്ര നിയമമന്ത്രി ചൂണ്ടിക്കാട്ടി.
ജനാധിപത്യ രാജ്യത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലളിതമായിരിക്കണമെന്ന -കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജിയുടെ അഭിപ്രായം യോഗത്തില്‍ പങ്കെടുത്ത ഉപ പ്രധാമമന്ത്രി എല്‍. കെ. അദ്വാനിയും അംഗീകരിച്ചു.
രണ്ടു വര്‍ഷത്തിലേറെ തടവു ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവരെ ആറുവര്‍ഷത്തേയ്ക്ക് മത്സരിക്കുന്നതില്‍ നിന്നും വിലക്കുന്ന നിര്‍ദ്ദേശം ആറു വര്‍ഷംതടവിന് വിധിയ്ക്കപ്പെട്ടവര്‍ക്ക് അനുകൂലമാകുമെന്ന് മുന്‍ നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. ശിക്ഷ പ്രഖ്യാപിക്കുന്ന ദിവസത്തിനു പകരം ശിക്ഷ അവസാനിക്കുന്ന കാലം മുതല്‍ സ്ഥാനാര്‍ത്ഥിത്വംനിരോധിയ്ക്കണമെന്ന് ജെയ്റ്റ്ലി ആവശ്യപ്പെട്ടു.












Click it and Unblock the Notifications