മദ്യദുരന്തം : 27 പേര്‍ കുറ്റക്കാര്‍
കൊല്ലം : കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ 27 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ഒമ്പതു പേരെ വെറുതെ വിട്ടു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് ജഡ്ജി കെ. ചന്ദ്രദാസ് നാടാര്‍ അറിയിച്ചു.
മീതൈല്‍ ആള്‍ക്കഹോളാണ് വിഷമദ്യ ദുരന്തമുണ്ടാക്കിയതെന്ന് കോടതി കണ്ടെത്തി. ഏഴാം പ്രതി മണിച്ചന്റെ ഗോഡൗണിലാണ് മീതൈല്‍ ആള്‍ക്കഹോളും ഈതൈല്‍ ആള്‍ക്കഹോളും കൂട്ടിക്കലര്‍ത്തിയതെന്ന് സംശയാതീതമായി തെളിഞ്ഞെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.
മദ്യത്തില്‍ വിഷം കലര്‍ത്താനുളള ഗൂഡാലോചനയില്‍ ഒമ്പതു പ്രതികള്‍ പങ്കാളികളാണെന്ന് കോടതി കണ്ടെത്തി.
നാലാം പ്രതി കൊച്ചനി, അഞ്ചാം പ്രതി ഡ്രൈവര്‍ തൃക്കൈ അനില്‍, ഏഴാം പ്രതി മണിച്ചന്‍, എട്ടാം പ്രതി വിനോദ്, 11-ാം പ്രതി മുഹമ്മദ് ഷാജി, 15-ാം പ്രതി ബാലചന്ദ്രന്‍, 16-ാം പ്രതി അനില്‍കുമാര്‍, 20-ാം പ്രതി കൊപ്ര വിജയന്‍, 22-ാം പ്രതി സുരേഷ് എന്നിവരാണ് ഗൂഡാലോചന നടത്തിയത്.
ഇവര്‍ ഗൂഡാലോചന, കൊലപാതകം, കൊലപാതക ശ്രമം, കാഴ്ച നഷ്ടപ്പെടുത്തുക, തെളിവ് നശിപ്പിയ്ക്കുക എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹരാണെന്ന് കോടത്ി കണ്ടെത്തി. ഐ. പി. സി പ്രകാരവും അബ്കാരി നിയമ പ്രകാരവും ഇവര്‍ ശിക്ഷാര്‍ഹരാണ്.
ഒന്നാം പ്രതി ഹയറുന്നീസ എന്ന താത്ത, രണ്ടാം പ്രതി രാജന്‍, മൂന്നാം പ്രതി രാജു തുടങ്ങിയവര്‍ അബ്കാരി നിയമപ്രകാരം ശിക്ഷാര്‍ഹരാണെന്ന് കോടതി വിധിച്ചു. അബ്കാരി നിയമം 57 എ അനുസരിച്ച് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തത്. കണ്ണു നഷ്ടപ്പെടുത്തി കുറ്റത്തിന് കഠിന തടവും ലഭിക്കാവുന്നതാണ്.
ഒന്നാം പ്രതിയായ ഹൈറുന്നീസയുടെ ഭര്‍ത്താവ് രാജനും വിഷമദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവരെ ഐ. പി. സി പ്രകാരമുളള വകുപ്പുകളില്‍ നിന്നും ഒഴിവാക്കിയതെന്ന് കോടതി വിശദീകരിച്ചു.
രാവിലെ 11.10നാണ് ജഡ്ജി വിധി പ്രസ്താവിച്ചത്. വിഷമദ്യക്കേസിലെ വിധിയറിയാന്‍ ആയിരക്കണക്കിനാളുകള്‍ കോടതി പരിസരത്തെത്തിയിരുന്നു. ആദ്യത്തെ കേസായാണ് കോടതി ഈ കേസ് പരിഗണിച്ചത്. പ്രധാന പ്രതികള്‍ക്കൊന്നും വിധി കേട്ടിട്ട് ഒരു ഭാവഭേദവുമുണ്ടായില്ല.












Click it and Unblock the Notifications