Get Updates
Get notified of breaking news, exclusive insights, and must-see stories!

വിക്ടര്‍ പോയിട്ട് ഒരു വര്‍ഷം

വെണ്ണിയാനി മലയിലെ കല്ലുരുളുകള്‍ വിക്ടറിന്റെ ജീവന്‍ കവര്‍ന്നിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ചിത്രങ്ങള്‍ക്കു വേണ്ടി, അവയുടെ പൂര്‍ണതയ്ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഒരുക്കമായിരുന്ന സാഹസികനായ പത്രപ്രവര്‍ത്തകനെ പ്രകൃതി തിരിച്ചു വിളിച്ചതിന്റെ ഒന്നാം വാര്‍ഷികം.

2001 ജൂലായ് ഒമ്പതിന് ഇടുക്കി ജില്ലയിലെ വെണ്ണിയാനിയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ചിത്രമെടുക്കാനാണ് മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് പോയത്. മഴയുടെ രൗദ്രസംഗീതത്തെക്കുറിച്ചുളള അപൂര്‍വ ചിത്രശേഖരത്തിലേയ്ക്ക് ആര്‍ക്കും കിട്ടാത്ത കുറേ ചിത്രങ്ങള്‍ എന്ന സ്വകാര്യമോഹവും വിക്ടറിനുണ്ടായിരുന്നു.

പ്രകൃതി വിതച്ച നാശങ്ങളുടെ ചിത്രങ്ങള്‍ എടുത്തിട്ടും എടുത്തിട്ടും മതിവരാതെ കൂടുതല്‍ ഉളളിലേയ്ക്ക് വിക്ടര്‍ കയറിപ്പോയി. ഉരുള്‍ വരുന്ന വഴിയുടെ മികച്ച ചിത്രമെടുക്കുക എന്നതായിരുന്നിരിക്കണം വിക്ടറിന്റെ മനസിലെ അപ്പോഴത്തെ ചിന്ത.

പാന്റ്സ് മുകളിലേയ്ക്ക് തെറുത്തു വച്ച് ഒരു കുടയും ചൂടി മലമുകളിലേയ്ക്ക് കയറിപ്പോകുന്ന വിക്ടറിനെ തൊടുപുഴയിലെ ഒരു ഫോട്ടോഗ്രാഫറും വിക്ടറിന്റെ സുഹൃത്തുമായ ജിയോ ടോമി കാമെറയില്‍ പകര്‍ത്തുകയും ചെയ്തു. ഏകാഗ്രതയോടെ നീങ്ങുന്ന നൂറു ശതമാനം അര്‍പ്പണബോധമുളള ഒരേകാകിയുടെ ചിത്രം.

അല്‍പനിമിഷത്തിനുളളില്‍ മലമുകളില്‍ വീണ്ടും ഒരു ഹുങ്കാര ശബ്ദം. ഓടിക്കോ, വീണ്ടും ഉരുള്‍ പൊട്ടി എന്ന നിലവിളി. ഏറെ മുന്നിലായിരുന്ന വിക്ടര്‍ നിലവിളി കേട്ടുകാണില്ല. മുടിനാരിഴയുടെ വ്യത്യാസത്തില്‍ ബാക്കിയുളള മാധ്യമ പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷിച്ചെടുത്തപ്പോള്‍ അപൂര്‍വമായ ഒരു ചിത്രത്തിന്റെ ഫ്രെയിം അപൂര്‍ണമാക്കി വിക്ടര്‍ ഉരുളില്‍ മറഞ്ഞു.

പുറകിലേയ്ക്ക് മറിഞ്ഞു കിടക്കുന്ന വിക്ടറിന്റെ മൃതശരീരമാണ് പിന്നീട് കിട്ടിയത്. നിധി പോലെ വിക്ടര്‍ എപ്പോഴും കൂടെക്കരുതുന്ന നിക്കോണ്‍ എഫ്-5 കാമെറ പൊട്ടിത്തകര്‍ന്ന് തൊട്ടടുത്ത്. അങ്ങനെ കൃത്യനിര്‍വഹണത്തിനിടയില്‍ മരണം കീഴടക്കിയ ആദ്യ മലയാളി പത്രപ്രവര്‍ത്തകനായി വിക്ടര്‍.

മഴച്ചിത്രങ്ങളുടെ ആല്‍ബം എന്ന വിക്ടറിന്റെ സ്വപ്നം കഴിഞ്ഞ ദിവസം മനോരമ സഫലമാക്കി. മഴ പെയ്യുകയാണ് എന്ന പേരില്‍ വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ ഒരു ശേഖരം ജൂലായ് എട്ടിന് രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ പ്രകാശനം ചെയ്തു. 80-ഓളം ചിത്രങ്ങളാണ് ഈ ആല്‍ബത്തിലുളളത്. ഇതിലെ ഏറ്റവും നല്ല ചിത്രത്തിനായുളള യാത്രയാണ് വിക്ടറിന്റെ അവസാനയാത്രയായത്.

ഓരോ മണ്‍സൂണ്‍ കാലത്തും കേരളം വിക്ടറിനെ ഓര്‍ക്കും. മികവിനു വേണ്ടി ജീവന്‍ പണയം വയ്ക്കുക എന്നത് വെറും വാക്കല്ല എന്ന് ജീവന്‍ കൊടുത്ത് തെളിയിച്ച വിക്ടര്‍ മലയാള പത്ര പ്രവര്‍ത്തക -ലോകത്തിന്റെയും അഭിമാനമാണ്. ജീവിതത്തിന്റെ അവസാന ഫ്രെയിമിലേയ്ക്ക് കുടയും ചൂടി ഏകാകിയായി നടന്നു മറഞ്ഞ ഏകാഗ്രചിത്തനായ ഫോട്ടോഗ്രാഫര്‍,വിക്ടര്‍ ജോര്‍ജ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+