സൂര്യനെല്ലി: അഡ്വ. ധര്‍മ്മരാജന്‍ കുറ്റക്കാരന്‍
കോട്ടയം: സൂര്യനെല്ലി സ്ത്രീപീഡനക്കേസില്‍ മൂന്നാംപ്രതി അഡ്വ. ധര്‍മ്മരാജന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്ത്രീപീഡനക്കേസുകളുടെ വിചാരണയ്ക്കായി നിയോഗിച്ച പ്രത്യേകകോടതി ജഡ്ഡി പി. ചന്ദ്രശേഖരപ്പിള്ളയാണ് ധര്‍മ്മരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സൂര്യനെല്ലി കേസില്‍ ജഡ്ജി ജൂലായ് 12 വെള്ളിയാഴ്ച വിധി പറയും.
വിവിധ വകുപ്പുകളിലായി ധര്‍മ്മരാജന്‍ കുറ്റങ്ങള്‍ ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. നിയമം സംരക്ഷിക്കേണ്ട അഭിഭാഷകന്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടതിനാല്‍, ധര്‍മ്മരാജന് പരമാവധി ശിക്ഷ നല്കണമെന്ന് നേരത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേഷ് ബാബു തോമസ് കോടതിയോട് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രത്യേക കോടതിയില്‍ കഴിഞ്ഞ എട്ടുമാസമായി സൂര്യനെല്ലി കേസ് വിചാരണ നടന്നുവരികയായിരുന്നു. മറ്റ് പ്രതികളുടെ വിചാരണ സമയത്ത് മൂന്നാം പ്രതി ധര്‍മ്മരാജന്‍ ഒളിവിലായിരുന്നു. ഒരിക്കല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇയാള്‍ അപ്രത്യക്ഷനായി. ഇതേ തുടര്‍ന്ന് പൊലീസ് ധര്‍മ്മരാജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. നാലുവര്‍ഷം ഒളിവില്‍ കഴിഞ്ഞ ധര്‍മ്മരാജനെ ഒടുവില്‍ കര്‍ണാടക ഉഡുപ്പി ജില്ലയിലെ കാര്‍ക്കലിനടുത്തുള്ള ഹെബന്‍ഗെഡയില്‍ നിന്നാണ് പൊലീസ് കസ്റഡിയിലെടുത്തത്.
കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസില്‍ 43 പ്രതികളാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. 41ാം പ്രതി എലൈറ്റ് ദേവസ്യ ഇപ്പോഴും ഒളിവിലാണ്. കുറ്റക്കാരായ 35 പ്രതികള്‍ക്ക് നാലുവര്‍ഷം മുതല്‍ 13 വര്‍ഷം വരെ കഠിനതടവും പിഴയുമാണ് പ്രത്യേക കോടതി നേരത്തെ വിധിച്ചിരുന്നത്.












Click it and Unblock the Notifications