സാമ്പത്തികവളര്‍ച്ചയ്ക്ക് എട്ടിനപരിപാടി
ദില്ലി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എട്ടുശതമാനമാക്കി ഉയര്‍ത്താന്‍ പ്രധാനമന്ത്രി വാജ്പേയി എട്ടിന പരിപാടി പ്രഖ്യാപിച്ചു. പത്താം പഞ്ചവത്സരപദ്ധതിയില്‍ എട്ടുശതമാനം വളര്‍ച്ച നേടുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കുക, സാമ്പത്തിക പരിഷ്കാരനടപടികള്‍ മുന്നോട്ടം കൊണ്ടുപോകുക, സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്നിവയുള്‍പ്പെടെയുളളതാണ് എട്ടിന പരിപാടി. സര്‍ക്കാര്‍ സൗജന്യം ഇനി അര്‍ഹിക്കുന്നവര്‍ക്ക് മാത്രമേ നല്കൂ. ബാക്കിയുള്ളവര്‍ ഉപയോഗിക്കുന്നതിന് പണം നല്കുക എന്ന സംസ്കാരം കൊണ്ടുവരും. ഇതുവഴി പാവങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടും. രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടും- വാജ്പേയി പറഞ്ഞു.
വൈദ്യുതി മേഖലയില്‍ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ പകുതിയും ബില്ലിടാതെ പോകുന്നു. ഇനി ഉപയോഗിച്ച വൈദ്യുതിയ്ക്ക് നല്കുന്ന ബില്ലുകളുടെ പണം വാങ്ങുന്ന കാര്യത്തിലോ സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസരംഗം, പൊതുഗതാഗതം, മുനിസിപ്പാലിറ്റി സേവനങ്ങള്‍ എന്നീ രംഗങ്ങളിലും ഇതേ സ്ഥിതിവിശേഷമാണെന്നും വാജ്പേയി പറഞ്ഞു.
കാര്യങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. സാമ്പത്തികപരിഷ്കാരങ്ങളുടെ വേഗത കൂട്ടാനും നടപടിയെടുക്കും. വിപണി നിയന്ത്രിക്കാന്‍ സ്വതന്ത്ര ഏജന്‍സികളെ ചുമതലയേല്പിക്കും. ഏതാനും ചില മേഖലയിലൊഴികെ മറ്റെല്ലാം ഉല്പാദനരംഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ മാറിനില്ക്കും. - വാജ്പേയി വ്യക്തമാക്കി.












Click it and Unblock the Notifications