രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ
ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പൂര്‍ത്തിയായി.
ജൂലായ് 15 തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ജൂലായ് 18ന് അറിയാം. എന്‍ഡിഎയും കോണ്‍ഗ്രസും പിന്തുണക്കുന്ന എ. പി. ജെ. അബ്ദുള്‍ കലാമിനെതിരെ തത്വാധിഷ്ഠിതമായ ഒരു മത്സരമാണ് ക്യാപ്റ്റന്‍ ലക്ഷ്മി സെഗാളിനെ മുന്‍നിര്‍ത്തി ഇടതുപാര്‍ട്ടികള്‍ നടത്തുന്നത്.
ഏറെ വിവാദങ്ങള്‍ക്കും ആശയക്കുഴപ്പത്തിനും ശേഷമാണ് എന്‍ഡിഎ കലാമിനെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ തീരുമാനിച്ചത്. ആദ്യം ഉപരാഷ്ട്രപതി കൃഷന്‍കാന്തിനെയും പിന്നീട് ഡോ. പി. സി. അലക്സാണ്ടറെയും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ച എന്‍ഡിഎ ഒടുവില്‍ കലാമിനെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. കലാമിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഇടതുപാര്‍ട്ടികള്‍ ഒഴികെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ എന്‍ഡിഎയ്ക്ക് നേടാനായി.
കലാമിനെതിരെ പ്രതീകാത്മക മത്സരം നടത്തുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സെഗാള്‍ വ്യാപകമായ പ്രചാരണമാണ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലെത്തി ലക്ഷ്മി സെഗാള്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിരുന്നു.
ഇപ്പോഴത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പിന്‍ഗാമി ആരായിരിക്കുമെന്ന് മത്സരത്തിന് മുമ്പേ വിധിയെഴുതപ്പെട്ടുകഴിഞ്ഞു. രാഷ്ട്രീയപരിചയമില്ലാത്ത, ഒരു ശാസ്ത്രജ്ഞന്റെ കൈകള്‍ക്ക് ഭരണനയതന്ത്രജ്ഞത വഴങ്ങുമോ എന്നാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്. ശാസ്ത്രം പഠിച്ച തനിക്ക് രാഷ്ട്രപതിയുടെ നയതന്ത്രജ്ഞതയും പഠിച്ചെടുക്കാവുന്നതേയുള്ളൂ എന്ന കലാമിന്റെ വാക്കുകള്‍ എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് കാത്തിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ആണവസ്ഫോടനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ശാസ്ത്രജ്ഞന്റെ രാഷ്ട്രപതിയിലേക്കുള്ള മുഖംമാറ്റത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.












Click it and Unblock the Notifications