പി. സി. ജോര്‍ജിന് വിലക്ക്
തൊടുപുഴ : ഇടതു മുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പി. സി. ജോര്‍ജ് എം. എല്‍. എയെ ജോസഫ് ഗ്രൂപ്പ് വിലക്കി.
മതികെട്ടാന്‍ പ്രശ്നത്തില്‍ ജോസഫും ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഈ നടപടി. പാര്‍ട്ടിയുടെ നിലപാട് ഇടതു മുന്നണി യോഗത്തില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിനിധി എന്ന നിലയില്‍ പി. സി. ജോര്‍ജ് പരാജയപ്പെട്ടു എന്ന് പി. ജെ. ജോസഫ് വെളിപ്പെടുത്തി.
ജോര്‍ജുമായി ആലോചിച്ചാണ് ഈ നടപടിയെടുത്തതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. തന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇടതു മുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പാര്‍ട്ടി തന്നെ ഒഴിവാക്കിയതെന്നാണ് ജോര്‍ജിന്റെ വിശദീകരണം.
ജോര്‍ജിനെ ഒറ്റപ്പെടുത്തി മാണി ഗ്രൂപ്പുമായി ലയിക്കാനുളള ജോസഫിന്റെ നീക്കമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്ട്രീയത്തില്‍ കെ. എം. മാണിയെ ആജന്മ ശത്രുവായി കാണുന്ന പി. സി. ജോര്‍ജ് പാര്‍ട്ടിയിലുളളടത്തോളം ജോസഫ് ഗ്രൂപ്പിന് മാണിയുമായി ലയിക്കാനാകില്ല. അതിനാല്‍ ജോര്‍ജിനെ പുകച്ച് പുറത്തു ചാടിച്ച ശേഷം ലയിക്കാമെന്നാണത്രേ പി. ജെ. ജോസഫിന്റെ കണക്കുകൂട്ടല്‍.
മതികെട്ടാന്‍ പ്രശ്നത്തില്‍ ഇടതുമുന്നണിയുടേതില്‍ നിന്നും ഭിന്ന നിലപാടെടുത്ത ജോസഫ് ഗ്രൂപ്പ് മുന്നണി യോഗത്തില്‍ ദയനീയമായി ഒറ്റപ്പെടുകയായിരുന്നു. കുടിയേറ്റക്കാര്‍ക്കു വേണ്ടി വാദിച്ച ജോസഫിനെ മറ്റു കക്ഷികള്‍ നിര്‍ദാക്ഷിണ്യം വിമര്‍ശിച്ചപ്പോള്‍ കേട്ടിരുന്നതല്ലാതെ നേതാവിന്റെ രക്ഷയ്ക്കെത്തിയില്ല എന്നതാണ് പി. സി. ജോര്‍ജിന്റെ പേരിലുളള കുറ്റം.
കേരളാ കോണ്‍ഗ്രസിലെ അടുത്ത പിളര്‍പ്പിന് കളമൊരുങ്ങി എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications