മുരളി രാജിയ്ക്ക്, പോര് രൂക്ഷമാകുന്നു
തിരുവനന്തപുരം : തന്റെ അഭിപ്രായം അവഗണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരന്‍ രാജിയ്ക്കൊരുങ്ങുന്നു.
കോഴിക്കോട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുരളീധരനെ പരാജയപ്പെടുത്താന്‍ പരസ്യമായി പ്രവര്‍ത്തിച്ച കെ. പി. അനില്‍കുമാറാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിക്കപ്പെട്ടത്. ആരെ പ്രസിഡന്റാക്കിയാലും അനില്‍കൂമാറിനെ പരിഗണിക്കരുതെന്ന മുരളിയുടെ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് കെ. മുരളീധരന്‍ സ്ഥാനത്യാഗത്തിന് തയ്യാറാകുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൂന്നാം ഗ്രൂപ്പ് സമര്‍പ്പിച്ച പട്ടികയില്‍ അനില്‍കുമാറിന്റെ പേരുണ്ടായിരുന്നില്ല. മുരളിയ്ക്ക് ദില്ലിയില്‍ ഒരു സ്വാധീനവുമില്ലെന്ന് വരുത്താന്‍ എ. ഐ. സി. സി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല ബോധപൂര്‍വം നടത്തിയ ശ്രമങ്ങളാണ് അനില്‍കുമാറിന്റെ സ്ഥാനലബ്ധിയ്ക്ക് പിന്നിലെന്ന് മുരളിപക്ഷം ആരോപിയ്ക്കുന്നു.
പ്രസിഡന്റ് സ്ഥാനം മൂന്നാം ഗ്രൂപ്പിനാണെന്ന് ഉറപ്പായപ്പോള്‍ നാടകീയമായി രമേശ് അനില്‍കുമാറിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. വി. കെ. ശ്രീകണ്ഠനായിരുന്നു മുരളീധരന്റ നോമിനി. അനില്‍കുമാറിനെ ഒഴിച്ച് ആരെയും പ്രസിഡന്റാക്കാമെന്ന് മുരളി പറഞ്ഞെങ്കിലും വിലപ്പോയില്ല.
മുഖ്യമന്ത്രിയുമായി മുരളിയ്ക്കുളള അഭിപ്രായവ്യത്യാസവും രാജിയ്ക്ക് കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുറമെ ശര്‍ക്കരയും ഉറുമ്പുമായി അഭിനയിക്കുന്ന ഇവര്‍ തമ്മില്‍ ഭരണകാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാറില്ലത്രേ. കോഴിക്കോട് ജില്ലിയില്‍ കടുത്ത മുരളീവിരുദ്ധ ഉദ്യോഗസ്ഥരെ കെ. പി. സി. സി പ്രസിഡന്റിന്റെ താല്‍പര്യത്തിന് വിരുദ്ധമായി നിയമിച്ചതാണ് ഇവര്‍ തമ്മിലുളള അഭിപ്രായ വ്യത്യാസം രൂക്ഷമാക്കിയത്.
നയപരമായ കാര്യങ്ങള്‍ ആന്റണി കെ. പി. സി. സിയുടെ പരിഗണനയ്ക്ക് വയ്ക്കാത്തതും മുരളിയെ രോഷാകുലനാക്കുന്നു. തന്റെ അഭിപ്രായങ്ങള്‍ക്ക് ആരും വിലകല്‍പ്പിയ്ക്കുന്നില്ലെങ്കില്‍ പിന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് മുരളി കരുതുന്നു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ദില്ലിയിലെത്തിയിട്ടുണ്ട്.
അതിനിടെ പോഷക സംഘടനകളുടെ പുനസംഘടനയില്‍ കെ. കരുണാകരനെ പൂര്‍ണമായും അവഗണിച്ചത് കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് യൂത്ത് കോണ്‍ഗ്രസ്, കെ. എസ്. യു ഭാരവാഹി സ്ഥാനങ്ങള്‍ ഒരേ സമയം ഐ ഗ്രൂപ്പിന് നഷ്ടപ്പെടുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റിബലായി മത്സരിച്ച വി. കെ. ശ്രീകണ്ഠനെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയായി നിയമിച്ചതും ലീഡറെ രോഷാകുലനാക്കുന്നു.
ഹൈക്കമാന്‍ഡിനെ മുന്‍നിര്‍ത്തി പോഷക സംഘടന ചിലരുടെ രഹസ്യ അജന്‍ഡയുടെ അടിസ്ഥാനത്തില്‍ പുന സംഘടിപ്പിച്ചത് ഗ്രൂപ്പു വഴക്ക് രൂക്ഷമാക്കുമെന്ന് ഐ ഗ്രൂപ്പ് നേതാവ് പന്തളം സുധാകരന്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിക്കാന്‍ കെ. പി. സി. സി പ്രസിഡന്റുള്‍പ്പെടെയുളളവര്‍ ബാദ്ധ്യസ്ഥരാണെന്നാണ് മൂന്നാം ഗ്രൂപ്പ് നേതാവും മന്ത്രിയുമായ കാര്‍ത്തികേയന്റെ വാദം.
ഏതായാലും സംസ്ഥാന കോണ്‍ഗ്രസില്‍ വന്‍കലാപത്തിനുളള തിരി കൊളുത്തലായി പോഷക സംഘടനാ പുനസംഘടന. റിബലായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തവരെ ഭാരവാഹികളായി ജ്ഞാനസ്നാനം ചെയ്യിക്കാന്‍ ഇന്റര്‍വ്യൂ പ്രഹസനം നടത്തിയതും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചിരി പടര്‍ത്തുന്നു.












Click it and Unblock the Notifications