അപൂര്‍വ സസ്യങ്ങള്‍ അപഹരിക്കപ്പെടുന്നു
കല്‍പ്പറ്റ : വയനാടന്‍ കാടുകളിലെ അപൂര്‍വയിനം ഔഷധ സസ്യങ്ങള്‍ അപഹരിക്കപ്പെടുന്നു.
കറുവ എന്നറിയപ്പെടുന്ന അപൂര്‍വ സസ്യമാണ് കവര്‍ച്ചക്കാരുടെ ഇപ്പോഴത്തെ ഇഷ്ടവിഭവം. മൈസൂരിലെ ചന്ദനത്തിരി നിര്‍മ്മാണ കേന്ദ്രങ്ങളിലേയ്ക്കാണ് കറുവ മോഷ്ടിച്ച് കടത്തുന്നത്. അധികാരികള്‍ ഇത് ഗൗരവപൂര്‍വം പരിഗണിച്ചില്ലെങ്കില്‍ വയനാടന്‍ കാടുകളിലെ കറുവമരങ്ങള്‍ ആറുമാസത്തികം അപ്രത്യക്ഷമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
വനം വകുപ്പിന്റെ മൂക്കിനു താഴെക്കുടെയാണ് അന്തര്‍സംസ്ഥാന ഔഷധച്ചെടി മോഷണ സംഘം സ്വൈരവിഹാരം നടത്തുന്നത്. മോഷണത്തിന്റെ വേഗവും വ്യാപ്തിയും കണക്കിലെടുക്കുമ്പോള്‍ കറുവച്ചെടികള്‍ ചരിത്രത്തിന്റെ ഭാഗമായി മാറാന്‍ അധികകാലം വേണ്ടെന്ന് സസ്യ ശാസ്ത്രജ്ഞനായ എന്‍. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
കാടുകളിലെ അത്യപൂര്‍വമായ ഔഷധ സമ്പത്തിനെക്കുറിച്ച് സ്ഥലവാസികളും ഏറെക്കുറെ അജ്ഞരാണ്. ഇവയുടെ വ്യാപാരമൂല്യം അപാരമാണെന്ന വസ്തുതയും അവര്‍ക്കറിയില്ല. കുളിര്‍മാവ് എന്നു പേരുളള മറ്റൊരു അപൂര്‍വ സസ്യവും ചന്ദനത്തിരിയ്ക്കായി ഇവിടെ നിന്നും കടത്തുന്നുണ്ട്.
നട്ടു വളര്‍ത്തി കൃത്യമായി പരിപാലിച്ചാല്‍ ഈ ഔഷധച്ചെടികള്‍ തദ്ദേശ വാസികള്‍ക്ക് മികച്ച വരുമാന മാര്‍ഗമാകും. നിലനില്‍പ്പ് ഉറപ്പു വരുത്തിയുളള വിളവെടുപ്പു മാര്‍ഗങ്ങള്‍ അവലംബിക്കാതെ ചെറിയ തുകയ്ക്കു വേണ്ടി വനസമ്പത്ത് അപ്പാടെ വെട്ടി നശിപ്പിക്കാന്‍ നാട്ടുകാരില്‍ ചിലരും കൂട്ടുനില്‍ക്കുന്നതായി ആക്ഷേപമുണ്ട്.
ഇവിടങ്ങളില്‍ ധാരാളമായി കണ്ടു വരുന്ന നെല്ലികള്‍ക്ക് സംഭവിച്ചത് തന്നെ ഉദാഹരണം. മരം വെട്ടാതെ നെല്ലിക്ക പറിക്കാനുളള ക്ഷമ നാട്ടുകാര്‍ക്കില്ലാതെ പോയതു കാരണം നെല്ലികള്‍ ഒന്നോടെ വെട്ടി നിരത്തി. ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തിന് അത്യാവശ്യമായ നെല്ലിക്ക ഇപ്പോള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. കേരളത്തിലേയ്ക്ക് ആവശ്യമായ നെല്ലിക്ക ഇപ്പോള്‍ കര്‍ണാടകത്തില്‍ നിന്നും കൊണ്ടു വരുന്നു.
ആയൂര്‍വേദ ഔഷധങ്ങളില്‍ മായം ചേര്‍ക്കേണ്ടി വരുന്നത് അവശ്യ സാധനങ്ങള്‍ കിട്ടാത്തതു കൊണ്ടാണ്. ഔഷധ ഗുണമുളള പല കിഴങ്ങു വര്‍ഗങ്ങളും ഇന്ന് ദുര്‍ലഭമാണ്. അശാസ്ത്രീയമായ വിളവെടുപ്പു രീതികളാണ് ഇവയില്‍ പലതിന്റെയും വേരറുത്തത്.
നാട്ടു മരുന്നുകളുടെ പേരോ അവയുടെ ഉപയോഗങ്ങളോ അറിയാത്ത തലമുറ വളര്‍ന്നു വന്നതും ഔഷധച്ചെടികളുടെ വംശനാശത്തിന് വഴിയൊരുക്കി. വെട്ടിയെറിയുന്ന സസ്യങ്ങളുടെ പേരും ഗുണവും ഉപയോഗവും അറിയാത്തതു കാരണം നശിപ്പിക്കപ്പെടുന്നതിന്റെ വില പലപ്പോഴും പുതു തലമുറ അറിയാറില്ല.
പരിഷ്കൃത സമൂഹവുമായുളള ഇടപെടല്‍ കാരണം ആദിവാസികളുടെ പരമ്പരാഗത അറിവും പരിപാലിക്കപ്പെടുന്നില്ല. ഔഷധച്ചെടികളെക്കുറിച്ച് അപാരമായ ജ്ഞാനമുണ്ടായിരുന്ന കേരളത്തിലെ ഗോത്ര സമൂഹത്തിലെ പുതിയ തലമുറയ്ക്ക് ഈ അറിവ് പരിപാലിക്കാന്‍ താല്‍പര്യമില്ല.
ചെടികള്‍ ശേഖരിക്കാന്‍ കാട്ടില്‍ കയറാന്‍ വനം വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത് ആദിവാസികള്‍ക്കു മാത്രമാണ്. എന്നാല്‍ ഔഷധ സസ്യ ശേഖരണം ലാഭകരമല്ല എന്ന കാരണത്താല്‍ ആദിവാസികള്‍ ഇപ്പോള്‍ ഈ ജോലിയില്‍ താല്‍പര്യം കാണിക്കുന്നില്ല.
കുറുന്തോട്ടി, ബ്രഹ്മി മുതലായ ഔഷധച്ചെടികള്‍ ശേഖരിക്കുന്നവര്‍ക്ക് തുലോം തുഛമായ തുകയാണ് നല്‍കുന്നത്. ഒരു കിലോ കുറുന്തോട്ടിയ്ക്ക് രണ്ടു മുതല്‍ രണ്ടര രൂപ വരെയാണ് വില കിട്ടുക. എന്നാല്‍ ഇതിന്റെ പതിന്മടങ്ങ് വില നല്‍കിയാണ് ഔഷധക്കമ്പനികള്‍ ഇവ ഇടനിലക്കാരില്‍ നിന്നും വാങ്ങുന്നത്.
ഔഷധച്ചെടികളെക്കുറിച്ച് അറിവു പകരാന്‍ എം. എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്‍കൈയെടുത്ത് ചില പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. വരുമാനമുണ്ടാക്കാന്‍ കഴിയും വിധം ഔഷധച്ചെടി വളര്‍ത്താന്‍ ഫൗണ്ടേഷന്‍ കല്‍പ്പറ്റയിലെ നാട്ടുകാര്‍ക്ക് പരിശീലനം നല്‍കുന്നു. 10 അംഗങ്ങള്‍ വീതമുളള 20 ഗ്രൂപ്പുകള്‍ക്ക് ചെടികള്‍ തിരിച്ചറിയാനും അവ പരിപാലിക്കാനുമുളള പരിശീലനം നല്‍കിയിട്ടുണ്ട്.
പുത്തൂര്‍ വയലില്‍ ബ്രഹ്മി കൃഷി ചെയ്യുന്നത് ഇത്തരമൊരു സംഘമാണ്. ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനുളള ഔഷധങ്ങളിലെ പ്രധാന ഘടകമാണ് ബ്രഹ്മി. കഴിഞ്ഞ മാസം എട്ടു കിലോ ബ്രഹ്മി വിറ്റതായി സംഘത്തിലെ ഒരംഗം പറഞ്ഞു.
ഔഷധച്ചെടികളുടെ പ്രാധാന്യം നാട്ടുകാര്‍ പതിയെ മനസിലാക്കി വരുന്നത് ഗുണം ചെയ്യുമെന്നാണ് ഫൗണ്ടേഷന്റെ പ്രതീക്ഷ. നല്ല ലാഭം കിട്ടുന്ന ഒരു വരുമാനമാര്‍ഗമായി ഇത് വളര്‍ത്തിയെടുക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications