രാജിയില്ല, പുന പരിശോധനയും
ദില്ലി : യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ നിയമിച്ചതിലുളള പരാതിയുമായി എത്തിയ കെ. പി. സി. സി. പ്രസിഡന്റിനെ സോണിയാ ഗാന്ധി സാന്ത്വനിപ്പിച്ചു.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനത്തില്‍ സോണിയ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയെന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം കെ. മുരളീധരന്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസിന്റെ കേന്ദ്രനേതാക്കളായ രമേശ് ചെന്നിത്തലയും വയലാര്‍ രവിയും കേരളത്തില്‍ അനാവശ്യമായി ഇടപെടുന്നു എന്നായിരുന്നു മുരളിയുടെ പ്രധാന പരാതി.
അതിനിടെ, യൂത്ത് കോണ്‍ഗ്രസ്, കെ. എസ്. യു പുന സംഘടന പുനപരിശോധിയ്ക്കുന്ന പ്രശ്നമില്ലെന്ന് കേരളത്തിന്റെ ചുമതലയുളള എ. ഐ. സി. സി സെക്രട്ടറി അംബികാ സോണി വ്യക്തമാക്കി. മുരളീധരന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കെ. പി. അനില്‍കുമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുമെന്നാണ് ഇതിന്റെ അര്‍ത്ഥം. മുരളിയുടെ രാജി ഭീഷണിയ്ക്ക് കേന്ദ്രനേതൃത്വം വലിയ വില നല്‍കിയിട്ടില്ലെന്ന് അംബികാ സോണിയുടെ പ്രസ്താവന തെളിയിക്കുന്നു.
എന്നാല്‍ പുതിയ ഭാരവാഹികളുടെ നിയമനത്തിനെതിരെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ രോഷം പുകയുകയാണ്. വേണ്ടി വന്നാല്‍ സമാന്തര യൂത്ത് കോണ്‍ഗ്രസ് - കെ. എസ്. യു കമ്മിറ്റികള്‍ രൂപീകരിക്കുമെന്നാണ് ഐ ഗ്രൂപ്പിലെ യുവാക്കളുടെ പ്രഖ്യാപനം. കരുണാകരന്റെ അനുഗ്രഹാശിസ്സുകള്‍ ഈ നീക്കത്തിനുണ്ടെന്ന് അവര്‍ പറയുന്നു.
രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചാണ് കെ. പി. അനില്‍കുമാറിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയതെന്നും ഒരു കാരണവശാലും അത് അംഗീകരിക്കില്ലെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. ഭാരവാഹികളുടെ പ്രായ പരിധി നിശ്ചയിച്ചതിനെതിരെയും അസംതൃപ്തരായ യുവാക്കളെ ഏകോപിപ്പിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.












Click it and Unblock the Notifications