കശ്മീരിലേക്ക് പണം യുകെ വഴി
ദില്ലി: കശ്മീരിലെ ഭീകരവാദികള്‍ക്ക് ബ്രിട്ടനില്‍ നിന്നുമാണ് പണം വരുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ദിഗ്വിജയ് സിംഗ് ലോക്സഭയില്‍ അറിയിച്ചു. കശ്മീരിലെ തീവ്രവാദിസംഘങ്ങളോട് അനുഭാവമുള്ളവര്‍ ബ്രിട്ടനില്‍ പണം സമാഹരിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ജൂലായ് 17 ബുധനാഴ്ച അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ബ്രിട്ടനിലെ സര്‍ക്കാരിനെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ബ്രീട്ടനിലെ ഉന്നതരായ ഉദ്യോഗസ്ഥരെക്കൂടി ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റം കണ്ടുപിടിക്കാനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്ക നിര്‍ദേശിച്ചതുപ്രകാരം സെന്‍സറുകളുപയോഗിച്ചുകൊണ്ടുള്ള സാങ്കേതികവിദ്യ സ്ഥാപിക്കുന്നതുസംബന്ധിച്ച് ആലോചിച്ചുവരുന്നതായും മന്ത്രി അറിയിച്ചു. നുഴഞ്ഞുകയറ്റത്തിന്റെ കാര്യത്തില്‍ അല്പം കുറവുണ്ടായിട്ടുണ്ടെങ്കിലും അത് തുടരുകയാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications