ബാസ്കറ്റ് : കേരളാ-ബഹറൈന്‍ ബന്ധം
തിരുവനന്തപുരം: ബാസ്കറ്റ് ബോളിനെ ജനപ്രിയമാക്കാനും നിലവാരമുയര്‍ത്താനും കേരളവും ബഹറൈനും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച് കേരളാ ബാസ്കറ്റ്ബോള്‍ അസോസിയേഷനും(കെബിഎ) ബഹറൈന്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷനും(ബിബിഎ) ധാരണാപത്രം ഒപ്പുവച്ചു.
ബിബിഎ പ്രസിഡന്റ് ഷേഖ് മാര്‍ ഖലീഫയും കെബിഎ മേധാവി പി.ഒ. ഫിലിപ്പും ആണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കളിക്കാരെ കൈമാറുന്നതുള്‍പ്പെടെ ആറ് ലക്ഷ്യങ്ങളാണ് ധാരണാപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.
ബഹറൈനിലും കേരളത്തിലുമുള്ള ടൂര്‍ണ്ണമെന്റുകളില്‍ ഇരുരാജ്യങ്ങളിലെ ടീമുകളും പങ്കെടുക്കും. ബാസ്കറ്റ് ബോള്‍ വളര്‍ത്താന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കുക, കളിക്കാര്‍ക്ക് പരിശീലനത്തിനായി ശാസ്ത്രീയ രീതികള്‍ നല്കുക എന്നിവയും ധാരണാപത്രം ലക്ഷ്യമാക്കുന്നു.
കളിക്കാര്‍ക്ക് മാത്രമല്ല, ബാസ്കറ്റ് ബോളുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും ഈ കരാര്‍ സഹായകരമായിരിക്കും. - ഖലീഫ പറഞ്ഞു. കേരളത്തിലെ കളിക്കാര്‍ക്ക് ഒരു അന്താരാഷ്ട്രപരിചയം ഇതുവഴി ലഭിക്കുമെന്ന് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ഈ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ബഹറിനിലെ നോര്‍ക്ക പ്രതിനിധി സണ്ണി കുളത്തക്കലും ബഹറിനെ കാരാവന്‍ ഗ്രൂപ്പ് ഹോട്ടലുകളുടെ ചുമതലയുള്ള മോഹന്‍പിള്ളയും പ്രധാനപങ്കുവഹിച്ചു.












Click it and Unblock the Notifications