വിപ്രോയുടെ ലാഭം കുറഞ്ഞു
ബാംഗ്ലൂര്‍: വിപ്രോയുടെ മൊത്തലാഭത്തില്‍ ആറ് ശതമാനത്തിന്റെ ഇടിവ്. ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തികപാദത്തില്‍ വിപ്രോയുടെ ലാഭം 200 കോടി മാത്രമാണ്. സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ ഇന്ത്യയിലെ മൂന്നാംസ്ഥാനക്കാരായ വിപ്രോ വികസനത്തിനായി പുത്തന്‍പദ്ധതികളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്.
നികുതിയിലുള്ള വര്‍ധവും പണപ്പെരുപ്പം കൂടിയതുമാണ് ലാഭം കുറഞ്ഞതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേസമയം വിപ്രോയുടെ വരുമാനത്തില്‍ 19 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ആകെ ഇത് 930 കോടി വരും. ഈ സാമ്പത്തികപാദത്തില്‍ പുതിയ 22 കമ്പനികള്‍ കൂടി വിപ്രോയുടെ സേവനം തേടിയെത്തിയതായി വിപ്രോ ചെയര്‍മാന്‍ അസിംപ്രേംജി അറിയിച്ചു.
വിപ്രോ ഇനി ചൈനയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വിപ്രോ പ്രസിഡന്റ് സുരേഷ് വാസ്വാനി അറിയിച്ചു. ഹോങ്കോങ്ങിലും തായ്വാനിലും ഇപ്പോഴേ വിപ്രോ വളരെ മുന്നിലാണ്.
സ്പെക്ട്രാമൈന്‍ഡ് ഇ-സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ 66 ശതമാനം ഓഹരികള്‍ വിപ്രോ വാങ്ങിയതായും സുരേഷ് അറിയിച്ചു. 406.9 കോടിക്കാണ് ഇത്രയും ഓഹരികള്‍ വാങ്ങിയത്.
ജൂണ്‍30 ന് അവസാനിച്ച ഈ സാമ്പത്തികപാദത്തില്‍ വിപ്രോ 900 ജീവനക്കാരെ നിയമിച്ചതായി വിപ്രോയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ സുരേഷ് സേനാപതി അറിയിച്ചു.












Click it and Unblock the Notifications